ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മാതാവിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മാതാവിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ കടുത്ത വിവാദത്തിൽ.
ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ നടന്ന ഒരു പരിപാടിക്കിടെയാണ് നാഗേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്.നേരത്തെ തമിഴ്‌നാട് നിയമസഭയിൽ വെച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനോട് മുഖ്യമന്ത്രി വിജയ് "അച്ഛൻ എവിടെ?" എന്ന് ചോദിച്ചതിനെ പരാമർശിച്ചായിരുന്നു നാഗേന്ദ്രന്റെ വാക്കുകൾ. "നിയമസഭയിൽ അച്ഛനെ തിരഞ്ഞിട്ട് കാണാത്തവർ, അച്ഛൻ ആരാണെന്ന് അറിയാൻ വീട്ടിലെ അമ്മയോട് തന്നെ ചോദിക്കണം" എന്നായിരുന്നു ബിജെപി അധ്യക്ഷൻ പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അമ്മയെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.
ബിജെപിക്കുള്ളിൽ നിന്നുതന്നെ നൈനാർ നാഗേന്ദ്രനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പ്രസ്താവനയെ ശക്തമായി അപലപിച്ചു. രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിക്കുന്ന മൂന്നാംകിട രാഷ്ട്രീയമാണിതെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇത്തരം വാക്കുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദറും വ്യക്തമാക്കി.സംഭവത്തിൽ തമിഴക വെട്രി കഴകം (ടിവികെ), ഡിഎംകെ, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നൈനാർ നാഗേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈ ഡിജിപി ഓഫീസിൽ ഇതിനകം പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയം തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ ചൂടുപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Key Words : BJP, Nainar Nagendran, Controversy, Chief Minister Vijay

COMMENTS