ചെന്നൈ: സ്വാതന്ത്ര്യദിന ചടങ്ങിൽ സിനിമാ താരം തൃഷയ്ക്ക് മുൻനിരയിൽ ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കും തൃഷയ്ക്കുമെത...
ചെന്നൈ: സ്വാതന്ത്ര്യദിന ചടങ്ങിൽ സിനിമാ താരം തൃഷയ്ക്ക് മുൻനിരയിൽ ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കും തൃഷയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രമായ 'മുരശൊലി'.
ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ഔദ്യോഗിക സർക്കാർ ചടങ്ങിൽ, മുഖ്യമന്ത്രി വിജയിന്റെ മാതാപിതാക്കൾക്കൊപ്പം തൃഷയ്ക്ക് മുൻനിരയിൽ സീറ്റ് നൽകിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ചടങ്ങ് ലജ്ജാകരമായ ഒരു കാഴ്ചയായി മാറിയെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. ഔദ്യോഗിക പരേഡിനിടെ മുഖ്യമന്ത്രി വിജയിയും തൃഷയും പരസ്പരം സല്യൂട്ട് കൈമാറിയതിനെയും പത്രം രൂക്ഷമായി വിമർശിച്ചു.
ഒരു ഔദ്യോഗിക ചടങ്ങിൽ കാണിക്കാൻ പാടില്ലാത്ത അനാദരവാണ് ഇവിടെ ഉണ്ടായതെന്നും, മുഖ്യമന്ത്രിയുടെ അന്തസ്സ് കാറ്റിൽ പറത്തുന്ന പ്രവൃത്തിയാണ് ഇതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വിജയിന് വോട്ട് ചെയ്തവർക്ക് പോലും ഈ ദൃശ്യങ്ങൾ ദഹിക്കാൻ കഴിയുന്നതല്ല. പരസ്യമായി ഇത്തരം മോശം പെരുമാറ്റങ്ങൾ കാണിക്കുകയും അതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിഭാഗത്തിലാണ് വിജയ് ഉൾപ്പെടുന്നതെന്നും മുരശൊലി പരിഹസിച്ചു. സിനിമ രംഗത്തുള്ള തന്റെ അടുത്ത സുഹൃത്തുക്കൾക്ക് വിജയ് സർക്കാർ പദവികൾ നൽകുന്നതിനെയും ഡിഎംകെ പത്രം ചോദ്യം ചെയ്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തനിക്ക് വേണ്ടി പണം മുടക്കിയവർക്കും പിന്തുണച്ചവർക്കും പദവികൾ വെച്ചുമാറുകയാണ് വിജയ് ചെയ്യുന്നതെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. ഭരണത്തിലേറി വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ തന്റെ സ്വാധീനവും പദവിയും നഷ്ടപ്പെടുമോ എന്ന ഭയം വിജയിനെ പിടികൂടിയിട്ടുണ്ടെന്നും പത്രം പരിഹസിച്ചു. സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ വിജയിനെ സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട്ടിൽ ഡിഎംകെയും വിജയിന്റെ ടിവികെയും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുന്നത്. എന്നാൽ ഈ വിമർശനങ്ങളോട് വിജയിന്റെ പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Key Words : Actress Trisha, TVK, Vijay, 'Murasholi

COMMENTS