ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പ്രധാന ഫൈനലിന് മുന്നോടിയായി നടന്ന ലൂസേഴ്സ് ഫൈനലുകളിൽ കാണികളെ ആവേശത്തിലാഴ്ത്തി വൻ പോരാട്ടം. വാശി...
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പ്രധാന ഫൈനലിന് മുന്നോടിയായി നടന്ന ലൂസേഴ്സ് ഫൈനലുകളിൽ കാണികളെ ആവേശത്തിലാഴ്ത്തി വൻ പോരാട്ടം. വാശിയേറിയ മത്സരത്തിനൊടുവിൽ നിരണം ചുണ്ടൻ, തലവടി ചുണ്ടൻ, ആയാപറമ്പ് പാണ്ടി ചുണ്ടൻ എന്നിവർ വിവിധ ലൂസേഴ്സ് ഫൈനലുകളിൽ ജേതാക്കളായി..
ആദ്യ ലൂസേഴ്സ് ഫൈനലിൽ ഒന്നാം ട്രാക്കിൽ തുഴഞ്ഞെത്തിയ നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) എതിരാളികളെ കാറ്റിൽപ്പറത്തി കിരീടം ചൂടി. രണ്ടാം ട്രാക്കിൽ പുണ്യാളൻ നിരണം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), മൂന്നാം ട്രാക്കിൽ ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്), നാലാം ട്രാക്കിൽ ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം) എന്നിവരാണ് നിരണത്തിനൊപ്പം കനത്ത വെല്ലുവിളി ഉയർത്തി മാറ്റുരച്ചത്.
രണ്ടാം ലൂസേഴ്സ് ഫൈനലിൽ രണ്ടാം ട്രാക്കിൽ വിസ്മയം തീർത്ത തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി) ജേതാക്കളായി. ഒന്നാം ട്രാക്കിൽ സെന്റ് പയസ് ടെൻത് ചുണ്ടൻ (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്), മൂന്നാം ട്രാക്കിൽ ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്), നാലാം ട്രാക്കിൽ കാരിച്ചാൽ ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്) എന്നീ പ്രമുഖ വള്ളങ്ങളെ പിന്തള്ളിയാണ് തലവടിയുടെ ഈ ഉജ്ജ്വല വിജയം.
മൂന്നാം ലൂസേഴ്സ് ഫൈനലിൽ ഒന്നാം ട്രാക്കിൽ കായൽപരപ്പ് കീറിമുറിച്ച് മുന്നേറിയ ആയാപറമ്പ് പാണ്ടി ചുണ്ടൻ (ഐബിആർഎ കൊച്ചിൻ) ഒന്നാമതായി ഫിനിഷ് ചെയ്തു. രണ്ടാം ട്രാക്കിൽ വെള്ളംകുളങ്ങര ചുണ്ടൻ (എസ്എച്ച് ബോട്ട് ക്ലബ്), മൂന്നാം ട്രാക്കിൽ ജവാഹർ തായങ്കരി ചുണ്ടൻ (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്), നാലാം ട്രാക്കിൽ പായിപ്പാടൻ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) എന്നിവരാണ് ഈ വിഭാഗത്തിൽ മത്സരിച്ച മറ്റ് വള്ളങ്ങൾ.

COMMENTS