ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ ഖജനാവിൽ നിന്ന് ഒരൊറ്റ വർഷം ചെലവിട്ടത് 92 കോ...
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ ഖജനാവിൽ നിന്ന് ഒരൊറ്റ വർഷം ചെലവിട്ടത് 92 കോടിയിലധികം രൂപ. വിവരാവകാശ നിയമപ്രകാരം (RTI) കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (CPWD) പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.
കഴിഞ്ഞ 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 92.35 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചത്.കഴിഞ്ഞ 11 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങളുടെ പരിപാലനച്ചെലവിൽ മൂന്നിരട്ടിയോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ ഈ ചെലവ് 27.47 കോടി രൂപ മാത്രമായിരുന്നു. കഴിഞ്ഞ 12 വർഷത്തെ (2014-15 മുതൽ 2025-26 വരെ) ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ, മന്ത്രിമാരുടെ താമസം സൗകര്യപ്രദമാക്കാൻ സർക്കാർ ആകെ 547.68 കോടി രൂപ ചെലവഴിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.
ഡൽഹിയിലെ ലുട്യൻസ് മേഖലയിലുള്ള ഈ ഔദ്യോഗിക വസതികൾക്ക് 80 മുതൽ 100 വർഷം വരെ പഴക്കമുണ്ട്. കാലപ്പഴക്കം മൂലമുള്ള ചോർച്ച, ചിതൽ ശല്യം, പ്ലംബിംഗ് തകരാറുകൾ, പഴയ ഇലക്ട്രിക്കൽ വയറിംഗ് മാറ്റൽ എന്നിവയാണ് വലിയ തുക ചെലവഴിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
എന്നിരുന്നാലും, രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ മന്ത്രിമാരുടെ ആഡംബരത്തിനായി ഇത്രയും വലിയ തുക നീക്കിവെക്കുന്നതിനെതിരെ വിവിധ സാമൂഹിക സംഘടനകളും പ്രതിപക്ഷ പാർട്ടികളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Key Words : Ministerial Buildings

COMMENTS