തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ആറുമാസത്തിനകം എല്ലാ ദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ആറുമാസത്തിനകം എല്ലാ ദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ തടസമില്ലാതെ ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലെയും ഓരോ പ്രധാന ആശുപത്രികളിലാണ് പദ്ധതി നടപ്പാക്കുക. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി ആദ്യം യാഥാർത്ഥ്യമാവുക.
തുടക്കത്തിൽ ജനറൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലാണ് മുഴുവൻ സമയ സേവനം ലഭ്യമാക്കുന്നത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയകളും താഴെത്തട്ടിലുള്ള ആശുപത്രികളിൽ ലഭ്യമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗിയുടെ അവകാശമായി പ്രഖ്യാപിച്ച് ആശുപത്രികളെ കൂടുതൽ രോഗീസൗഹൃദമാക്കും.പദ്ധതിയുടെ സുഗമമായ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. ഷിനു കെ. എസിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്. നിലവിലെ തസ്തികകൾ പുനർവിന്യസിച്ചും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
Key Words : Hospital, Minister K. Muraleedharan

COMMENTS