ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ അനുവാദമില്ലാതെ പ്രചരിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്...
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ അനുവാദമില്ലാതെ പ്രചരിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കർശന നിർദേശത്തെ തുടർന്നാണ് ആലപ്പുഴ മാവേലിക്കര പൊലീസ് താരത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മുംബൈയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയായ പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിനാണ് കേസ്. കഴിഞ്ഞ വർഷം (2025) ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഫേസ്ബുക്കിൽ തന്നെ വിമർശിച്ചുകൊണ്ട് പോസ്റ്റിട്ട ആളോടുള്ള പ്രതികാരമെന്നോണമാണ് വിനായകൻ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചിത്രം സ്വന്തം ഔദ്യോഗിക പേജിൽ പങ്കുവെച്ചത്. പരാതിക്കാരന്റെ പ്രൊഫൈൽ ചിത്രത്തിൽ നിന്നാണ് എട്ട് വയസ്സുകാരിയായ മകളുടെ ചിത്രം വിനായകൻ എടുത്തത്. കുട്ടിയുടെ ചിത്രത്തിനൊപ്പം പരാതിക്കാരന്റെ മൊബൈൽ നമ്പറും താരം പരസ്യപ്പെടുത്തിയിരുന്നു.പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ കുട്ടിക്കും കുടുംബത്തിനുമെതിരെ മോശം കമന്റുകളും ഫോണിലൂടെയുള്ള അധിക്ഷേപങ്ങളും ഉണ്ടായി. ഇത് കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുകൾക്കും അപമാനത്തിനും കാരണമായി. ഇതേത്തുടർന്നാണ് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങ്ങിലാണ് സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, മാനനഷ്ടം, സ്വകാര്യതാലംഘനം, വ്യക്തിത്വ മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മാവേലിക്കര പൊലീസ് വിനായകനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Key Words: Vinayakan, Case

COMMENTS