തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിൽ വെള്ളിയാഴ്ച കൗണ്‍സില്‍ യോഗം നടക്കാനിരിക്കെ ബിജെപിക്ക് നിർണ്ണായകം. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വ...
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിൽ വെള്ളിയാഴ്ച കൗണ്‍സില്‍ യോഗം നടക്കാനിരിക്കെ ബിജെപിക്ക് നിർണ്ണായകം. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ അയോഗ്യത മറികടക്കാന്‍ അഭിഭാഷകര്‍ മുഖാന്തരം മേയര്‍ക്ക് അവധി അപേക്ഷ നല്‍കി.
ഈ അപേക്ഷ ഇനി മേയര്‍ കൗണ്‍സിലില്‍ അംഗീകാരത്തിന് സമര്‍പ്പിക്കണം. ഇതിന് മുൻപ് നടന്ന രണ്ട് കൗണ്‍സില്‍ യോഗങ്ങളിലും സുഗതൻ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ സുഗതൻ അയോഗ്യനാക്കപ്പെടും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപിയുടെ നീക്കം.
ജൂലൈ 14നാണ് ആര്‍ സുഗതന്‍ വിയ്യൂര്‍ ജയിലില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്‍ ഉള്‍പ്പെടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
മറ്റ് കൗണ്‍സിലര്‍മാര്‍ പിന്നീട് കോര്‍പ്പറേഷനില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും കാപ്പ കേസിൽ ജയിലിൽ കഴിയുന്നതിനാൽ സുഗതന് കൗണ്‍സിലര്‍മാര്‍ക്കൊപ്പം സത്യപ്രതിജ്ഞചെയ്യാൻ കഴിഞ്ഞിരുന്നില്ല.
പിന്നാലെ സുഗതന്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയേയും തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്നാണ് അനുകൂല ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് ജയിലിൽ വെച്ച് സുഗതൻ പുനർസത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
Key Words : Thiruvananthapuram Corporation council, Sugathan

COMMENTS