ന്യൂഡല്‍ഹി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിൽ എട്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്. കോട്ടയം സ്വദേശ...
ന്യൂഡല്‍ഹി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിൽ എട്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്. കോട്ടയം സ്വദേശിയുൾപ്പെടെ നിരവധി തൊഴിലാളികളെ കാണാതായതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം സമർദുംഗ് മേഖലയിലെ തുരങ്കത്തിന്റെ പ്രവേശന ഭാഗം മണ്ണും പാറയും ഇടിഞ്ഞുവീണ് പൂർണമായും അടഞ്ഞതോടെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് നിരവധി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നതായാണ് വിവരം. പ്രവേശന കവാടം പൂർണമായി മൂടപ്പെട്ടതിനാൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അതീവ പ്രയാസകരമായ സാഹചര്യത്തിലാണ് പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനത്തെ കൂടുതൽ ദുഷ്കരമാക്കുന്നത് തുരങ്കത്തിനുള്ളിൽ ഉണ്ടായ മീഥെയ്ൻ വാതക ചോർച്ചയാണ്. ഭൂഗർഭ ശിലാപാളികളിലുണ്ടായ മാറ്റത്തെ തുടർന്നാണ് വിഷവാതകം പുറത്തുവന്നതെന്നാണ് പ്രാഥമിക നിഗമനം.
തുരങ്കത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചില രക്ഷാപ്രവർത്തകർക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ഗ്യാസ് മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നത്. എട്ടുപേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ടോക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
എൻഡിആർഎഫ്,എസ്ഡിആർഎഫ്, സിക്കിം പൊലീസ്, അഗ്നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അനുപ താംലിങ് പറഞ്ഞു.
തുരങ്കത്തിനുള്ളിലെ ഇടുങ്ങിയ വഴികളും കുറഞ്ഞ ദൃശ്യപരിധിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീസ്ത സ്റ്റേജ്–VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി എൻഎച്ച്പിസിക്കായി പട്ടേൽ എഞ്ചിനീയറിങ് നിർമിച്ചുകൊണ്ടിരുന്ന തുരങ്കത്തിലാണ് ദുരന്തം സംഭവിച്ചത്. കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെടുക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും അതിന് ശേഷമാകും അപകടത്തിന്റെ കാരണം സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുകയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംഭവസ്ഥലത്ത് ആംബുലൻസുകളും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു.
Key Words : Sikkim Tunnel Disaster, Landslide

COMMENTS