ടെഹ്റാൻ / വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സായുധ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീതിയിലേക്ക്. ഗൾഫ് മേഖലയിലുള്ള ഇറ...
ടെഹ്റാൻ / വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സായുധ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീതിയിലേക്ക്. ഗൾഫ് മേഖലയിലുള്ള ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു.
ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ലെംഗെയുടെ ഭാഗമായ ഫാരൂർ ദ്വീപിലാണ് ആക്രമണമുണ്ടായതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മൊബൈൽ കമ്മ്യൂണിക്കേഷൻ കമ്പനി ഓഫ് ഇറാന്റെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇറാന്റെ സൈനിക കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങളും മിസൈൽ-ഡ്രോൺ വിക്ഷേപണ തറകളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ ബോംബിംഗ്. തന്ത്രപ്രധാനമായ ക്വഷ്ം ദ്വീപ്, ബന്ദർ അബ്ബാസ് തുറമുഖ നഗരം എന്നിവിടങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ നടന്നു. ഇരുരാജ്യങ്ങളും തമ്മിൽ മുൻപുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ ധാരണകൾ പൂർണ്ണമായും ലംഘിക്കപ്പെട്ടതാണ് പെട്ടെന്നുള്ള സൈനിക നീക്കങ്ങൾക്ക് കാരണമായത്.
വ്യോമാക്രമണത്തിന് പിന്നാലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിന് മറുപടിയായി കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ, യു.എ.ഇ തുടങ്ങിയ അയൽരാജ്യങ്ങളിലെ യുഎസ് സൈനിക-സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചു. കുവൈറ്റിലെ പ്രധാന എണ്ണ ഖനന കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരുവിഭാഗവും പിന്മാറിയില്ലെങ്കിൽ മേഖല പൂർണ്ണമായ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറുമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Key Words : Middle East, War, US Airstrike , Iran, Strait of Hormuz

COMMENTS