മുസഫറാബാദ്: തങ്ങൾ മുന്നോട്ടുവെച്ച 38 ഇന ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ശക്തമായ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന് ജമ്മു കശ്മീർ ജോയിന്റ് അവാ...
മുസഫറാബാദ്: തങ്ങൾ മുന്നോട്ടുവെച്ച 38 ഇന ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ശക്തമായ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പാക്കിസ്ഥാൻ ഭരണകൂടത്തിന് അന്തിമ മുന്നറിയിപ്പ് നൽകി. ഭരണകൂടത്തിന് നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിന്റെ കാലാവധി അവസാനിച്ചതോടെയാണ് മേഖല വീണ്ടും കടുത്ത സമരമുഖത്തേക്ക് നീങ്ങുന്നത്.
വിലക്കയറ്റത്തിനെതിരെയും ഭരണഘടനാപരമായ അവകാശങ്ങൾക്കായും കഴിഞ്ഞ മാസങ്ങളിൽ നടന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ അന്ത്യശാസനം. ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ മുസഫറാബാദിലേക്ക് വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് സമിതിയുടെ തീരുമാനം.
വരാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി മാറ്റിവെച്ചിരിക്കുന്ന 12 നിയമസഭാ സീറ്റുകൾ റദ്ദാക്കുക. ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾക്ക് ഈ സീറ്റുകൾ കാരണമാകുന്നുവെന്നാണ് ആക്ഷേപം. ഗോതമ്പ് മാവിന്റെ സബ്‌സിഡി പൂർണ്ണമായി പുനഃസ്ഥാപിക്കുക. പ്രദേശത്തെ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുക. ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിഐപി സംസ്കാരവും അനാവശ്യ ആനുകൂല്യങ്ങളും അടിയന്തരമായി നിർത്തലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പ്രതിഷേധം ശക്തമായതോടെ സമരസമിതിയെ നിരോധിച്ച പാക് ഭരണകൂടം, ആന്റി ടെററിസം ആക്ട് പ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. അറസ്റ്റിലായ എണ്ണൂറോളം സമരക്കാരെ ഉടൻ മോചിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. മേഖലയിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചതായും കടുത്ത ഭക്ഷ്യ-മരുന്ന് ക്ഷാമം നേരിടുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം പാക്കിസ്ഥാൻ ഭരണകൂടത്തെ പൂർണ്ണമായി ബഹിഷ്കരിച്ചുകൊണ്ടുള്ള ശക്തമായ നിസ്സഹകരണ പ്രസ്ഥാനത്തിനാണ് സമരസമിതി രൂപം നൽകുന്നത്.
Key Words : Kashmir Joint Awami Action Committee, Pakistan Government

COMMENTS