തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ മർദിച്ചെന്ന കേസിൽ തുടരന്വേഷണത്തിനായി പ്രത്യേ...
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ മർദിച്ചെന്ന കേസിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. നിലവിൽ വലിയതുറ സി.ഐയുടെ നേതൃത്വത്തിൽ നടന്നിരുന്ന അന്വേഷണമാണ് ഇപ്പോൾ വിപുലീകരിച്ചത്.കേസിൽ മതിയായ തെളിവുകളില്ലെന്ന് കാണിച്ച് പോലീസ് നേരത്തെ സമർപ്പിച്ച റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
കേസ് എഴുതിത്തള്ളാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, കൂടുതൽ ഫലപ്രദമായി തുടരന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമഗ്രമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ഫർസീൻ മജീദ് രംഗത്തെത്തിയത്.
2022 ജൂണിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനിടെ, ഇ.പി. ജയരാജൻ തങ്ങളെ മർദിച്ചെന്നാണ് പരാതി. കേസിൽ കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനും ഡിജിറ്റൽ തെളിവുകൾ വീണ്ടും പരിശോധിക്കാനും പുതിയ അന്വേഷണ സംഘം നടപടികൾ ആരംഭിക്കും.
Key words : Indigo Flight Attack, E.P. Jayarajan

COMMENTS