കൊച്ചി: വഖ്ഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി നേതാവ് ഷോൺ ജോർജ്ജ് ഉൾപ്പെടെ...
കൊച്ചി: വഖ്ഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി നേതാവ് ഷോൺ ജോർജ്ജ് ഉൾപ്പെടെയുള്ളവർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച അനുകൂല നിലപാട് വഖ്ഫ് ബോർഡിന്റെ സ്വയംഭരണാവകാശത്തെയും വഖ്ഫ് സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് കേരള മഹല്ല് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിലെ വഖ്ഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തുന്നതടക്കമുള്ള വ്യവസ്ഥകൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുകയും, കേരള, തമിഴ്നാട് സർക്കാരുകളും സമസ്ത ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകളും സുപ്രീം കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, അതേ വിഷയത്തിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച വിരുദ്ധ നിലപാട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളെ ദുർബലപ്പെടുത്തുന്നതാണെന്ന് മഹല്ല് കൂട്ടായ്മ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം സുപ്രീംകോടതിയിലും ഇതേ നിലപാട് തന്നെയാണ് സർക്കാർ അഭിഭാഷകൻ ആവർത്തിച്ചത്. ഇത് വഖ്ഫ് ബോർഡിനെയും വഖ്ഫ് സ്വത്തുക്കളെയും അനാവശ്യമായ നിയമക്കുരുക്കിലേക്ക് നയിക്കുന്ന നടപടിയാണെന്നും കൂട്ടായ്മ വിലയിരുത്തി."വഖ്ഫ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളിൽ ഇതര മതവിഭാഗങ്ങളുടെ ഇടപെടലിന് വഴിയൊരുക്കുന്ന ഏതൊരു നീക്കവും മുസ്ലിം സമൂഹം അതീവ ഗൗരവത്തോടെയാണ് കാണുന്നത്."
സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാൻ കേരള മഹല്ല് കൂട്ടായ്മ ആഹ്വാനം ചെയ്തു. വഖ്ഫ് സ്വത്തുക്കളുടെയും മതസ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി എല്ലാ മഹല്ല് ഇമാമുമാരും ജമാഅത്ത് ഭാരവാഹികളും വിശ്വാസി സമൂഹവും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Key Words : VD Satheesan Government, Waqf issue, Protest, Kerala Mahal Group

COMMENTS