കൊല്ലം: വിവാഹ സൽക്കാരത്തിനിടെ ഐസ്‌ക്രീം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം വലിയ കൂട്ടത്തല്ലിൽ കലാശിച്ചു. കൺമുന്നിൽ നടന്ന അക്രമ സംഭവങ്ങളിൽ ...
കൊല്ലം: വിവാഹ സൽക്കാരത്തിനിടെ ഐസ്‌ക്രീം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം വലിയ കൂട്ടത്തല്ലിൽ കലാശിച്ചു. കൺമുന്നിൽ നടന്ന അക്രമ സംഭവങ്ങളിൽ ഭയന്നുവിറച്ച വധു വേദിയിൽ കുഴഞ്ഞുവീണു. കൊല്ലം പള്ളിമുക്ക് ഇരവിപുരം റോഡിലെ ബി.എസ്.എ ഓഡിറ്റോറിയത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സൽക്കാരത്തിൽ പങ്കെടുത്ത വധുവിന്റെ ഭാഗത്തുനിന്നുള്ള ഒരാൾ രണ്ടാമതും ഐസ്‌ക്രീം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഐസ്‌ക്രീം തീർന്നുപോയെന്ന് കാറ്ററിംഗ് ജീവനക്കാർ പറഞ്ഞതോടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും തർക്കം പരസ്പരമുള്ള കൂട്ടത്തല്ലിലേക്ക് മാറുകയും ചെയ്തു.ഹാളിനുള്ളിൽ തുടങ്ങിയ അടിപിടി പിന്നീട് ഓഡിറ്റോറിയത്തിന് പുറത്തുള്ള പ്രധാന റോഡിലേക്കും പടർന്നു. ഇതോടെ സൽക്കാരത്തിനെത്തിയ അതിഥികളും കുട്ടികളും പ്രാണരക്ഷാർത്ഥം ഓടിമാറി.
ഈ ബഹളങ്ങൾക്കിടയിലാണ് പരിഭ്രാന്തയായ വധു സ്റ്റേജിൽ കുഴഞ്ഞുവീണത്. വധുവിനെ ഉടൻ തന്നെ പള്ളിമുക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ഇരുവിഭാഗത്തിനും പരാതിയില്ലാത്തതിനാൽ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.
Key Words : Wedding Reception, Fight, Ice Cream

COMMENTS