കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ കസ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ കസ്റ്റംസിന്റെ പിടിയിലായി. അബുദാബിയിൽ നിന്ന് എത്തിയ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ജനോഫർ ഖാദർ ബീവി ഉമർ ഫറോക് (28) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആകെ 1,353.92 ഗ്രാം സ്വർണം പിടിച്ചെടുത്തു.
സ്വർണം മിശ്രിത രൂപത്തിലാക്കി ബെൽറ്റിന്റെ ആകൃതിയിലുള്ള പ്ലാസ്റ്റിക് കവറിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അരപ്പട്ടയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ സ്വർണ മിശ്രിതം സൂക്ഷിച്ച ശേഷം, പുറത്തുനിന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വസ്ത്രം തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു. യാത്രക്കാരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ ദേഹപരിശോധന നടത്തി. പരിശോധനയിലാണ് ഒളിപ്പിച്ചിരുന്ന സ്വർണം കണ്ടെത്തിയത്. തുടർന്ന് സ്വർണം പിടിച്ചെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിടിച്ചെടുത്ത 1,353.92 ഗ്രാം സ്വർണത്തിന് 1,93,55,640 രൂപ വിപണിവിലയുണ്ടെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്വർണക്കടത്തിന് പിന്നിലെ ശൃംഖലയെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Key Words : Gold Smuggling, Couple Arrested

COMMENTS