ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ കമ്പനിക്കും എതിരെ എൻഫോഴ്‌സ്‌മെന്...
ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ കമ്പനിക്കും എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി കടുപ്പിക്കുന്നു. വീണ വിജയന്റെയും എക്സാലോജിക് സൊല്യൂഷൻസിന്റെയും ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി താല്ക്കാലികമായി മരവിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഈ അക്കൗണ്ടുകളിലെ തുകയും മറ്റ് അനുബന്ധ നിക്ഷേപങ്ങളും സ്ഥിരമായി കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് ഇ.ഡി കടന്നതായാണ് പുതിയ വിവരം. ഇതിനായുള്ള വിശദമായ റിപ്പോർട്ട് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് അതോറിറ്റിക്ക് ഇ.ഡി സമർപ്പിച്ചു.സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത കമ്പനിയിൽ 182 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായും, ഇതിൽ 139 കോടി രൂപ വ്യാജ വൗച്ചറുകൾ വഴി മാറ്റിയതായും ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
എക്സാലോജിക് സൊല്യൂഷൻസ് തികച്ചും ദുർബലമായ കമ്പനിയാണെന്നും സിഎംആർഎൽ നൽകിയ മാസപ്പടിയുടെ ബലത്തിലാണ് ഇത് പ്രവർത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്.മുഖ്യമന്ത്രിയുമായുള്ള വ്യക്തിപരമായ സ്വാധീനം കാരണമാണ് എക്സാലോജിക്കിന് പണം നൽകിയതെന്ന് ശശിധരൻ കർത്ത ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. വീണയോ കമ്പനിയോ സിഎംആർഎല്ലിന് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നും മൊഴിയിലുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
കേസിൽ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെ, അന്വേഷണം മുഖ്യമന്ത്രിയിലേക്ക് അടക്കം നീളുമെന്ന സൂചനകളാണ് ഇ.ഡി റിപ്പോർട്ട് നൽകുന്നത്. എന്നാൽ മാധ്യമങ്ങളിൽ വരുന്ന കർത്തയുടെ മൊഴികൾ വ്യാജമാണെന്നും കേസ് തന്നിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
Key Words : CMRL-Exalogic Case, Veena Vijayan, ED

COMMENTS