ബദരീനാഥ്: പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും വഴിപാട് പണവും സ്വർണ്ണ-വെള്ളി നാണയങ്ങളും മോഷ്ടിച്ച കേസിൽ ബദരീനാഥ്-കേദാർനാഥ് ട...
ബദരീനാഥ്: പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും വഴിപാട് പണവും സ്വർണ്ണ-വെള്ളി നാണയങ്ങളും മോഷ്ടിച്ച കേസിൽ ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ചെയർമാന്റെ പേഴ്സണൽ സെക്രട്ടറി പ്രമോദ് നൗതിയാൽ അറസ്റ്റിൽ.
ഭക്തർ സമർപ്പിച്ച കാണിക്കപ്പണം എണ്ണുന്നതിനിടെ ഇയാൾ ക്രമക്കേട് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്ടിംഗ് റൂമിൽ ഇരുന്ന പണവും സ്വർണ്ണവും മാനദണ്ഡങ്ങൾ ലംഘിച്ച് ഇയാൾ സ്വന്തം ഓഫീസിലേക്ക് മാറ്റിയതായാണ് പോലീസ് കണ്ടെത്തൽ.
സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഭൈരവ് സേന ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിഷയം വിവാദമായതിനെ തുടർന്ന് ജൂലൈ ഏഴിന് പ്രമോദ് നൗതിയാലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ബികെടിസി ഇൻ-ചാർജ് ടെമ്പിൾ ഓഫീസർ യുദ്ധ്‌വീർ പുഷ്‌പവാൻ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ ബദരീനാഥ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം ഗർവാൾ കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഉന്നതതല സമിതിയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള എഫ്‌ഐആറും സസ്പെൻഷനും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ ജൂലൈ 16-ന് കോടതി വാദം കേൾക്കും. ക്ഷേത്ര ഭരണസമിതിയിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ മോഷണക്കേസിൽ അറസ്റ്റിലായത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
Key Words : Badrinath Temple, Money Fraud Case, Arrest

COMMENTS