മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്ക...
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം തുടരുകയാണ്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30-ഓടെയാണ് സംഭവം നടന്നത്. ബാലാജി നഗറിലെ കോഹിനൂർ കെട്ടിടമാണ് തകർന്നത്.cദുരന്തം നടക്കുമ്പോൾ കെട്ടിടത്തിൽ അനധികൃതമായി അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
രാത്രി ഒൻപത് മണിയോടെ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതേത്തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും പല കുടുംബങ്ങളെയും ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്നതിനിടെ കെട്ടിടം തകരുകയായിരുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളാണെന്നാണ് നിഗമനം. പരിക്കേറ്റ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ ചികിത്സയിലാണ്. ഭിവണ്ടി നിസാംപുർ സിറ്റി മുൻസിപ്പൽ കോർപറേഷൻ (ബിഎൻസിഎംസി) നേരത്തെ തന്നെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തുകയും ‘കാറ്റഗറി സി’ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
തികച്ചും ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു. ഓരോ നിലയിലും 12 മുറികൾ വീതം ആകെ 48 മുറികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. കോർപറേഷന്റെ മുന്നറിയിപ്പിനെ തുടർന്ന് മിക്ക താമസക്കാരും ഒഴിഞ്ഞിരുന്നു. എന്നാൽ ഒരു കുടുംബം മാത്രം ഇവിടെ തുടർന്നു.
നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF), ഥാനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, പ്രാദേശിക അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഒരു ഡോഗ് സ്‌ക്വാഡ്, നാല് അഗ്നിശമന വാഹനങ്ങൾ, രണ്ട് ആംബുലൻസുകൾ, വലിയ മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Key Words : Building Collapsed

COMMENTS