പാലക്കാട്: കവർച്ചയ്ക്കിടെ വയോധികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചശേഷം കുഴിച്ചുമൂടി. കൊഴിഞ്ഞാമ്പാറ ആട്ടയാമ്പതി സ്വദേശിനിയായ സരസമ്മാ...
പാലക്കാട്: കവർച്ചയ്ക്കിടെ വയോധികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചശേഷം കുഴിച്ചുമൂടി. കൊഴിഞ്ഞാമ്പാറ ആട്ടയാമ്പതി സ്വദേശിനിയായ സരസമ്മാൾ (66) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസികളായ യുവാക്കൾ ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. സരസമ്മാളിന്റെ സ്വർണാഭരണങ്ങൾ കവർന്നെടുക്കാനാണ് പ്രതികൾ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
കവർച്ചയ്ക്കിടെ പ്രതിരോധിക്കാൻ ശ്രമിച്ച വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹത്തിന് തീയിട്ടു. തുടർന്ന് സമീപത്തെ സ്ഥലത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ജൂണ്‍ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്.
പ്രദേശവാസിയായ യുവാവ് സംഭവത്തില്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കവര്‍ച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച പതിനേഴുകാരനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സരസമ്മാളിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് തിരോധാനം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. തുടര്‍ന്ന് യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു.
പ്രതിയായ യുവാവ് സരസമ്മാളിനെ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി തീയിട്ട് കത്തിച്ചശേഷം കുഴിച്ചിടുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. 19 വയസുകാരനായ യുവാവും പതിനേഴുവയസുകാരനായ സുഹൃത്തും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തും. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കവർച്ചയുടെയും കൊലപാതകത്തിന്റെയും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
Key Words : Robbery, Palakkad,

COMMENTS