ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. സുപ്രീംകോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം അടക്കം സംസ്ഥാനങ്ങളിലെ ...
ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. സുപ്രീംകോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം അടക്കം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്തുകൊണ്ട് മറുപടി നൽകിയില്ലെന്ന് ചീഫ് സെക്രട്ടറിമാർ നേരിട്ട് വിശദീകരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് വ്യക്തമാക്കി.
കോടതിയുടെ നോട്ടീസിന് മുകളിൽ അവർ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലെന്ന് അവർ തന്നെ വിശദീകരിക്കണമെന്നും നവംബർ മൂന്നിന് ഹാജരാകാനുമാണ് കോടതിയുടെ നിർദ്ദേശം. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന് കേന്ദ്ര ആവശ്യം തള്ളിയാണ് കോടതി നിർദ്ദേശം. തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം.
നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുന്നതിൽ ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ വിധിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഓഗസ്റ്റ് 22ന് ഉത്തരവിൽ ചില പരിഷ്ക്കാരങ്ങൾ വരുത്തി. ഒപ്പം എബിസി ചട്ടങ്ങളുമാിയി ബന്ധപ്പെട്ട് ദേശീയ നയരൂപീകരണത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മറുപടി തേടി. എന്നാൽ കേസ് കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചപ്പോൾ തെലങ്കാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങളും ദില്ലി മുനിസിപ്പൽ കോർപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. തെരുവുനായ ശല്യം ആവർത്തിക്കുകയാണ്. കേന്ദ്രം അടക്കം മറ്റ് സംസ്ഥാനങ്ങൾ മറുപടി നൽകിയിട്ടില്ല.
ഈ പ്രശ്നത്തിൽ വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുപ്പോകുകയാണ്. മറുപടി സമർപ്പിക്കാത്ത എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ അടുത്ത മാസം മൂന്നിന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കോടതി ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്ന് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. എന്നാൽ കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചില സംസ്ഥാനങ്ങളുടെ അഭിഭാഷകർ അറിയിച്ചു. ഇത്രയേറെ ചർച്ചയായ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ എന്ന് കോടതി ചോദിച്ചു.
ഈക്കാര്യത്തിൽ വീഴച്ചയുണ്ടായിയെന്ന് നിരീക്ഷിച്ചാണ് കോടതി കർശന നിലപാട് എടുത്തത്. നായ്ക്കൾക്കെതിരായ ക്രൂരതയെക്കുറിച്ച് അഭിഭാഷകൻ പരാമർശിച്ചപ്പോൾ മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് കോടതി ചോദിച്ചു. കോടതിയുടെ ഇടപെടൽ രാജ്യം നേരിടുന്ന ഈ വിഷയത്തിൽ പരിഹാരത്തിന് വഴിയൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Key Words: Supreme Court, Street Dog Issue


COMMENTS