ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ യുഎസ് നിയന്ത്രണത്തിലായിരുന്നുവെന്നും അതിന് അനുമതി നല്‍കിയത് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ...
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ യുഎസ് നിയന്ത്രണത്തിലായിരുന്നുവെന്നും അതിന് അനുമതി നല്‍കിയത് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫായിരുന്നുവെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇതിനായി കോടിക്കണക്കിനു ഡോളറിന്റെ ഇടപാടും നടത്തി. സിഐഎ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ കിരിയാക്കോയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മുഷറഫ് സര്‍ക്കാരുമായി യുഎസിനു നല്ല ബന്ധമായിരുന്നെന്നും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വന്‍ അഴിമതിക്കാരാണെന്നും ജോണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ''പാക്കിസ്ഥാന്‍ സര്‍ക്കാരുമായുള്ള യുഎസിന്റെ ബന്ധം മികച്ച നിലയിലായിരുന്നു. ആ സമയത്ത് ജനറല്‍ പര്‍വേസ് മുഷറഫായിരുന്നു ഭരണാധികാരി. സ്വേച്ഛാധിപതികളുമായി പ്രവര്‍ത്തിക്കാന്‍ യുഎസിന് ഇഷ്ടമാണ്. കാരണം, പൊതുജനാഭിപ്രായത്തെക്കുറിച്ച് വിഷമിക്കേണ്ട. മാധ്യമ വാര്‍ത്തകളും മുഖവിലയ്ക്കെടുക്കേണ്ട. അതിനാല്‍ ഞങ്ങള്‍ മുഷറഫിനെ വിലയ്ക്ക് വാങ്ങി'' ജോണ്‍ കിരിയാക്കോയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ.
പാക്കിസ്ഥാന്‍ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയ വിവരം 2002ല്‍ ആണ് താന്‍ അറിഞ്ഞതെന്ന് ജോണ്‍ പറയുന്നു. ഭീകരരുടെ കൈവശം ആണവായുധങ്ങള്‍ എത്തുമോ എന്ന് ഭയന്നായിരുന്നു നിയന്ത്രണം കൈമാറിയതെന്നും ജോണ്‍ കിരിയാക്കോ അവകാശപ്പെട്ടു. മാത്രമല്ല, മുഷറഫിന്റെ ഭരണകാലത്ത് വാഷിംഗ്ടണിന് പാകിസ്ഥാന്റെ സുരക്ഷാ, സൈനിക പ്രവര്‍ത്തനങ്ങളില്‍ അനിയന്ത്രിതമായ പ്രവേശനം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'സൈനിക, സാമ്പത്തിക സഹായമായി ഞങ്ങള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സഹായം നല്‍കി, മുഷറഫ് ഞങ്ങളെ ഇഷ്ടമുള്ളത് ചെയ്യാന്‍ അനുവദിച്ചു,' കിരിയാക്കോ പറഞ്ഞു.
പാകിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തലവന്‍ എന്ന നിലയില്‍ ഉള്‍പ്പെടെ 15 വര്‍ഷം സിഐഎയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ജോണ്‍ കിരിയാക്കോ. പാകിസ്ഥാനുമായുള്ള യുഎസിന്റെ ഇടപാടുകള്‍, ആണവ നയതന്ത്രത്തില്‍ സൗദി സ്വാധീനം, ദക്ഷിണേഷ്യയിലെ അധികാര സന്തുലിതാവസ്ഥയിലെ മാറ്റങ്ങള്‍ അങ്ങനെ നിരവധി വിഷയത്തെക്കുറിച്ച് നിരവധി തുറന്നുപറച്ചിലുകള്‍ നടത്തി.
Key Words: US - Pak Relationship, Pervez Musharraf


COMMENTS