കാബൂള്‍: അഫ്ഗാന്‍-പാകിസ്ഥാന്‍ സേനകള്‍ തമ്മില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ...
കാബൂള്‍: അഫ്ഗാന്‍-പാകിസ്ഥാന്‍ സേനകള്‍ തമ്മില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിയിലെ ഏറ്റുമുട്ടലുകളില്‍ 58 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ പറഞ്ഞപ്പോള്‍ 200 ലധികം അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടതായും പാകിസ്ഥാന്‍ പറയുന്നു.
അഫ്ഗാന്‍ താലിബാന്‍ സൈന്യം പാകിസ്ഥാന്‍ ആര്‍മി അതിര്‍ത്തി ഔട്ട്‌പോസ്റ്റ് നശിപ്പിക്കുകയും താലിബാന്‍ പോസ്റ്റുകള്‍ ലക്ഷ്യമിടാന്‍ പാകിസ്ഥാന്‍ സൈന്യം ഉപയോഗിച്ച ടാങ്ക് പിടിച്ചെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാക്കിസ്ഥാനിലെ ചമന്‍ ജില്ലയിലും തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയിലും മാരക ഏറ്റുമുട്ടലിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയ്ക്കും പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയ്ക്കും ഇടയിലുള്ള പ്രധാന അതിര്‍ത്തി ജില്ലയായ സ്പിന്‍ ബോള്‍ഡാക്കില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ താലിബാന്‍ അവകാശപ്പെട്ടു.
കനത്ത ആയുധങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ സൈന്യം അതിരാവിലെ അതിര്‍ത്തി ജില്ലയില്‍ ആക്രമണം നടത്തിയതായി താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സ്-ല്‍ പങ്കിട്ട പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാന്‍ സേനയുടെ തിരിച്ചടിയില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
'നിര്‍ഭാഗ്യവശാല്‍, ഇന്ന് രാവിലെ, കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ ചെറുതും കനത്തതുമായ ആയുധങ്ങള്‍ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തി. അതിന്റെ ഫലമായി 12 ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനുശേഷം, അഫ്ഗാന്‍ സൈന്യം പ്രതികാര നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി', സബിഹുള്ള മുജാഹിദ് എക്‌സ്-ല്‍ പോസ്റ്റ് ചെയ്തു.
അഫ്ഗാന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ നിരവധി പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും പാകിസ്ഥാന്‍ ആയുധങ്ങളും ടാങ്കുകളും പിടിച്ചെടുക്കുകയും പാകിസ്ഥാന്‍ സൈനിക സംവിധാനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി മുജാഹിദ് അവകാശപ്പെട്ടു.
അടുത്തിടെ നടന്ന അതിര്‍ത്തി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 പാകിസ്ഥാന്‍ പോലീസുകാരുടെയും സുരക്ഷാ സേനാംഗങ്ങളുടെയും മൃതദേഹങ്ങള്‍ കാണിക്കുന്ന വീഡിയോയും അഫ്ഗാന്‍ താലിബാന്‍ സേന പുറത്തുവിട്ടിരുന്നു. താലിബാന്‍ നേതാക്കള്‍ മരിച്ച സൈനികരെ അപകീര്‍ത്തിപ്പെടുത്തുന്നതും പരിഹസിക്കുന്നതും കാണാം.
എന്നാല്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, അഫ്ഗാന്‍ സേനയും പാകിസ്ഥാന്‍ താലിബാനും സംയുക്തമായി ഒരു പാകിസ്ഥാന്‍ പോസ്റ്റിന് നേരെ 'പ്രകോപനമില്ലാതെ' വെടിയുതിര്‍ത്തു, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കുറമില്‍ പാകിസ്ഥാന്‍ സൈനികരില്‍ നിന്ന് 'ശക്തമായ പ്രതികരണം' ഉണ്ടായെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു.
പാകിസ്ഥാന്‍ സൈന്യം അഫ്ഗാന്‍ ടാങ്കുകളും സൈനിക പോസ്റ്റുകളും നശിപ്പിച്ചതായി പാകിസ്ഥാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ താലിബാന്റെ വിശാലമായ പരിശീലന കേന്ദ്രവും പാകിസ്ഥാന്‍ സൈന്യം നശിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ചമന്‍ ജില്ലയ്ക്ക് സമീപം താലിബാന്‍ സൈന്യം ഒരു പാകിസ്ഥാന്‍ പോസ്റ്റ് ആക്രമിച്ചുവെന്ന് പാകിസ്ഥാനിലെ ചമന്‍ ജില്ലയിലെ റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹബീബ് ഉല്ലാ ബംഗുല്‍സായി റോയിട്ടേഴ്‌സിനോട് പറഞ്ഞു. പുലര്‍ച്ചെ ഏകദേശം അഞ്ച് മണിക്കൂറോളം പോരാട്ടം തുടര്‍ന്നു.
ഒറാക്‌സായിലെ ഗില്‍ജോ പ്രദേശത്തെ മഹ്മൂദ്‌സായി പോസ്റ്റിന് നേരെ പാകിസ്ഥാന്‍ താലിബാന്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ എട്ട് ഫ്രോണ്ടിയര്‍ കോര്‍ (എഫ്‌സി) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചില എഫ്‌സി സൈനികരെയും കാണാതായിട്ടുണ്ട്.
ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് ഇരുപക്ഷവും തങ്ങളുടെ നീണ്ട അതിര്‍ത്തിയില്‍ വെടിയുതിര്‍ക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും അതിര്‍ത്തി പ്രവിശ്യയായ പക്തികയിലും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യ സന്ദര്‍ശിച്ച വേളയിലായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം എന്നതും ശ്രദ്ധേയമാണ്.
പാകിസ്ഥാന്‍ താലിബാന്‍ (ടിടിപി എന്നറിയപ്പെടുന്നു) എന്ന തീവ്രവാദ ഗ്രൂപ്പിന് കാബൂള്‍ അഭയം നല്‍കുന്നുവെന്ന് ഇസ്ലാമാബാദ് നേരത്തേ ആരോപിക്കുന്നുണ്ട്.


COMMENTS