The reception organized by the State Government for Malayalam's beloved star Mohanlal, who won the Dadasaheb Phalke Award, literally shook the capital
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സ്വീകരണം അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു. ഡല്‍ഹിയില്‍ വച്ച് അവാര്‍ഡ് വാങ്ങിയതിലും വൈകാരിക ഭാരത്തോടെയാണ് തിരുവനന്തപുരത്ത് നില്‍ക്കുന്നതെന്ന് ലാല്‍ പറഞ്ഞപ്പോള്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കാഴ്ചക്കാര്‍ കൈയടിയുടെ പെരുമഴ തീര്‍ത്തു.
'ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണ്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പഴയ പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. അഭിനയമാണ് എന്റെ ദൈവം. എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും മലയാളിക്കും കേരളത്തിനാകെയും ലഭിച്ചവയാണ്. എനിക്കു സ്വീകരണം നല്‍കുന്നത് ജനങ്ങളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. അതുകൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെവരുന്നു, മോഹന്‍ലാല്‍ പറഞ്ഞു.
'വാനോളം മലയാളം, ലാല്‍ സലാം' എന്ന് പേരിട്ട ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് ഫലകം നല്‍കി ആദരിച്ചു. കവി പ്രഭാവര്‍മ്മ രചിച്ച കാവ്യപത്രം മുഖ്യമന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു.
ചടങ്ങില്‍ ലാലിന്റെ പ്രിയ സുഹൃത്ത് ജഗതി ശ്രീകുമാറും പങ്കെടുത്തിരുന്നു. നടി അംബിക ആശംസകള്‍ അര്‍പ്പിച്ചു. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ആദ്യം കേരളത്തിലെത്തിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിന് ആശംസ അറിയിക്കുകയും, 2004-ല്‍ തനിക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇത്തരത്തില്‍ സ്വീകരണം ലഭിക്കാത്തതിലുള്ള ദുഃഖം പങ്കുവെക്കുകയും ചെയ്തു.
മോഹന്‍ലാലിന് ലഭിച്ച ഈ സ്വീകരണം മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളത്തിന്റെ ആത്മസ്പന്ദനമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. 'നിത്യജീവിതത്തില്‍ മോഹന്‍ലാല്‍ ആയി പോവുക എന്നത് പോലും മലയാളികളുടെ ശീലമായി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് ഇനിയും ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന അഭിനയ ജീവിതവും വിജയവും ഉണ്ടാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.അഭിനയ കലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണബോധം പുതുതലമുറ മാതൃകയാക്കണം. അര നൂറ്റാണ്ടായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടം മോഹന്‍ലാല്‍ ഉണ്ടാക്കിത്തരുന്നുവെന്നും കേരള സര്‍ക്കാര്‍ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന് അംഗീകാരം ലഭിച്ചത് 2004ലാണ്. 20 വര്‍ഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്.
Summary: The reception organized by the State Government for Malayalam's beloved star Mohanlal, who won the Dadasaheb Phalke Award, literally shook the capital city. When Lal said that he felt a greater emotional burden standing in Thiruvananthapuram than when he received the award in Delhi, the audience at the Central Stadium responded with a thunderous downpour of applause.




COMMENTS