The family of the nine-year-old girl whose hand was amputated in Palakkad reiterated that the negligence of the doctors at the Palakkad Dist Hospital
സ്വന്തം ലേഖകന്‍
പാലക്കാട്: പാലക്കാട്ട് ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റാനിടയായത് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പിഴവു തന്നെയെന്ന് ആവര്‍ത്തിച്ചു കുടുംബം. 24ന് ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തിരുന്നുവെന്നും കയ്യില്‍ മുറിവുണ്ടോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നും കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു.
കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അഞ്ചു ദിവസം കഴിഞ്ഞ് വരാനാണ് പറഞ്ഞത്. അപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമായി. എല്ല് പൊട്ടി പുറത്തുവന്നുവെന്നും പ്രസീത പറഞ്ഞു.
എന്നാല്‍, ചികിത്സാ പിഴവ് മൂലം ഒമ്പത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡി.എം.ഒ.) നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. പത്മനാഭന്‍, ഡോ. കാവ്യ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കുട്ടിക്ക് വേണ്ട ചികിത്സ നല്‍കിയിരുന്നു എന്നും പറയുന്നത്.
ജില്ലാ ആശുപത്രിയില്‍ കൃത്യമായ ചികിത്സ നല്കിയിരുന്നുവെന്നും സെപ്തംബര്‍ 30 ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഡോക്ടര്‍മാരെ പിന്തുണച്ച് കെജിഎംഒഎയും രംഗത്തുവന്നു. കുട്ടിക്ക് പരമാവധി ചികിത്സ നല്‍കിയിരുന്നതായി കെജിഎംഒഎ പറയുന്നു. കൈമുറിച്ചു മാറ്റേണ്ടി വന്നത് അപൂര്‍വമായി സംഭവിക്കുന്ന ചികിത്സാ സങ്കീര്‍ണത മൂലമാണെന്നാണ് വിശദീകരണം.
സെപ്റ്റംബര്‍ 24-ന് പരിക്കേറ്റ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ജില്ലാ ആശുപത്രിയില്‍ എക്‌സ്-റേ എടുത്ത ശേഷം പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു.
സെപ്റ്റംബര്‍ 25-ന് കുട്ടിയുടെ കൈക്ക് വീണ്ടും വേദന അനുഭവപ്പെടുകയും കൈയിലെ നിറം മങ്ങാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇത് സ്വാഭാവികമാണെന്നും ഒക്ടോബര്‍ 5-ന് വന്നാല്‍ മതിയെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ കുട്ടിയെയും മാതാപിതാക്കളെയും തിരിച്ചയച്ചു എന്നാണ് പരാതി.
തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയില്‍ കൈ അഴുകിയ നിലയിലായിരുന്നു എന്നും ഇതോടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളും അണുബാധയും ഉണ്ടായിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, സ്ഥിതി കൈവിട്ട് പോയെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Summary: The family of the nine-year-old girl whose hand was amputated in Palakkad reiterated that the negligence of the doctors at the Palakkad District Hospital was the direct cause. The child's mother, Prazeetha, stated that although they reached the hospital on the 24th and an X-ray was taken, the doctors did not check if there was any wound on the hand.


COMMENTS