Blinkit has terminated a delivery agent after a woman posted on social media alleging that the agent had touched her chest
മുംബയ് : ഡെലിവറി ഏജന്റ് മാറിടത്തില്‍ സ്പര്‍ശിച്ചെന്ന് യുവതി സമൂഹ മാധ്യമത്തില്‍ പറഞ്ഞതിനെ തുടര്‍ന്ന് ബ്ലിങ്കിറ്റ് കമ്പനി യുവാവിനെ പിരിച്ചുവിട്ടു. യുവതിയുടെ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പാര്‍സല്‍ കൈമാറുന്നതിനിടെ ഡെലിവറി ഏജന്റ് തന്റെ മാറില്‍ സ്പര്‍ശിച്ചതായി ആരോപിക്കുന്ന വീഡിയോ യുവതി 'എക്‌സി'ല്‍ പങ്കുവച്ചു. ഒഴിഞ്ഞുമാറിയതുകൊണ്ടാണ് അയാളില്‍ നിന്നു രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു.
ബ്ലിങ്കിറ്റിന്റെ മഞ്ഞ യൂണിഫോം ധരിച്ച ഏജന്റ് പാര്‍സല്‍ കൈമാറുന്നതും പണം സ്വീകരിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ബാക്കി പണം തിരികെ നല്‍കുന്നതിനിടെ ഇയാള്‍ യുവതിയുടെ നെഞ്ചില്‍ സ്പര്‍ശിക്കുന്നതായി കാണാം. ഇതോടെ യുവതി വേഗത്തില്‍ പാക്കറ്റ് മുന്നില്‍ വെച്ച് ഒഴിഞ്ഞുമാറുന്നതും ദൃശ്യമാണ്.
യുവതിയുടെ പരാതിയും ബ്ലിങ്കിറ്റിന്റെ പ്രതികരണവും:
തന്റെ പരാതിയില്‍ ബ്ലിങ്കിറ്റ് ആദ്യം നല്‍കിയ പ്രതികരണം അപര്യാപ്തമായിരുന്നുവെന്നും യുവതി നിരാശ പ്രകടിപ്പിച്ചു. 'ഇന്ന് ബ്ലിങ്കിറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തപ്പോള്‍ എനിക്ക് സംഭവിച്ചതാണിത്. ഡെലിവറി ചെയ്തയാള്‍ വീണ്ടും വിലാസം ചോദിക്കുകയും എന്നെ അപമര്യാദയായി സ്പര്‍ശിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബ്‌ളിങ്കിറ്റ് ദയവായി ശക്തമായ നടപടി സ്വീകരിക്കുക. ഇന്ത്യയില്‍ വനിതാ സുരക്ഷ ഒരു തമാശയാണോ?' എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
സംഭവത്തിന്റെ തെളിവായി വീഡിയോ നല്‍കിയ ശേഷമാണ് ഡെലിവറി ഡ്രൈവര്‍ക്കെതിരെ ബ്ലിങ്കിറ്റ് നടപടിയെടുത്തതെന്നും യുവതി ആരോപിച്ചു. ആദ്യം വാക്കാല്‍ നല്‍കിയ പരാതി ബ്ലിങ്കിറ്റ് തള്ളിക്കളയുകയും കേവലം ഒരു മുന്നറിയിപ്പും സെന്‍സിറ്റിവിറ്റി പരിശീലനവും നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുവതി വീഡിയോ തെളിവായി നല്‍കിയതോടെ, കമ്പനി ഏജന്റിനെ പുറത്താക്കുകയും പ്ലാറ്റ്ഫോമില്‍ നിന്ന് വിലക്കുകയും ചെയ്തു.
'ഹായ്, ഫോണിലൂടെ സംസാരിച്ചതിന് നന്ദിയുണ്ട്. ഈ സംഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, ഇത് എത്രത്തോളം വിഷമകരമാണെന്ന് മനസ്സിലാക്കുന്നു. ചര്‍ച്ച ചെയ്തതനുസരിച്ചുള്ള ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യങ്ങള്‍ക്കോ പിന്തുണയ്ക്കോ ഞങ്ങള്‍ക്ക് ഡി എം ചെയ്യുക,' എന്നായിരുന്നു ബ്ലിങ്കിറ്റിന്റെ മറുപടി.
മുംബയ് പോലീസും യുവതിയുടെ ട്വീറ്റിനോട് പ്രതികരിച്ചു, 'ഞങ്ങള്‍ നിങ്ങളെ ഫോളോ ചെയ്തിട്ടുണ്ട്. നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഡി എംല്‍ പങ്കിടുക,' എന്ന് പോലീസ് കുറിച്ചു.
സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. മിക്ക ഉപയോക്താക്കളും യുവതിക്ക് പിന്തുണ നല്‍കുകയും ഡെലിവറി ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ചില ഉപയോക്താക്കള്‍ സ്പര്‍ശം ആകസ്മികമായി സംഭവിച്ചതാകാമെന്ന് അഭിപ്രായപ്പെട്ടത് ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.
ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി: 'അദ്ദേഹം മനഃപൂര്‍വം കൈ ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്ക് അടുപ്പിച്ചതും അപമര്യാദയായി സ്പര്‍ശിച്ചതും വ്യക്തമായി കാണാം. നിങ്ങള്‍ പെട്ടെന്ന് ഒഴിഞ്ഞുമാറിയതും കാണുന്നുണ്ട്. ഭാഗ്യം, അല്ലെങ്കില്‍ നിങ്ങള്‍ നന്നായി തയ്യാറെടുത്ത ക്യാമറയുമായി വന്നതുകൊണ്ടോ ആണ്... ഈ റെക്കോര്‍ഡിംഗ് ഇല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കുറ്റം തെളിയിക്കാന്‍ പ്രയാസമായേനെ. ശക്തമായി ഇതിനെതിരെ പോരാടുക.'
മറ്റൊരാള്‍ അഭിപ്രായപ്പെട്ടു: 'അയാള്‍ അത് മനഃപൂര്‍വം ചെയ്തതല്ലെന്ന് വ്യക്തമാണ്, നിങ്ങള്‍ പണം അദ്ദേഹത്തിന്റെ വലത് കൈയിലേക്കാണ് നല്‍കിയത്, ഡെലിവറി പാക്കറ്റ് ഇടതു കയ്യിലും ഉണ്ടായിരുന്നു! നിങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്! സിംപിള്‍.'
മൂന്നാമതൊരാള്‍ കൂട്ടിച്ചേര്‍ത്തു: 'ഈ വ്യക്തിയുടെ പ്രവൃത്തി മനഃപൂര്‍വമായിരുന്നു, യാദൃച്ഛികമല്ല എന്ന് വ്യക്തമാണ്. ഇത് തികച്ചും അനുചിതവും വ്യക്തിപരമായ ഇടത്തിന്റെയും സുരക്ഷയുടെയും ലംഘനവുമാണ്.'
Summary: Blinkit has terminated a delivery agent after a woman posted on social media alleging that the agent had touched her chest. The woman's post has sparked a major discussion.The woman shared a video on 'X' (formerly Twitter) accusing the delivery agent of touching her chest while handing over a parcel. The woman also stated that she was able to escape further harassment only because she quickly moved away.


COMMENTS