As the nomination period for the first phase of the Assembly elections closed, the Opposition Mahagathbandhan (Grand Alliance) in Bihar has fielded
അഭിനന്ദ്
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ അവസാനിച്ചപ്പോള്‍ ബിഹാറില്‍ പ്രതിപക്ഷ മഹാസഖ്യം തമ്മിലടിച്ച പലേടത്തും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്തി. ഇതോടെ എന്‍ ഡി എ സഖ്യത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുന്ന സ്ഥിതിയാണ്.
പ്രതിപക്ഷത്ത് ആശയക്കുഴപ്പവും വടംവലിയും തുടരുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇ്ന്നും സീറ്റ് പങ്കിടല്‍ കരാര്‍ പ്രഖ്യാപിക്കാന്‍ സഖ്യത്തിന് കഴിഞ്ഞില്ല.
സംസ്ഥാന നിയമസഭയുടെ അംഗബലം 243 ആണ്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റുകളിലും സഖ്യകക്ഷികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സീറ്റുകളിലെ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. രണ്ടാം ഘട്ടത്തിലെ ശേഷിക്കുന്ന 122 സീറ്റുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്.
ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ (എം-എല്‍) ലിബറേഷന്‍, സിപിഐ (എം), സിപിഐ, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) എന്നിവരടങ്ങുന്ന മഹാസഖ്യത്തിന് ഒരു ഡസനിലധികം മണ്ഡലങ്ങളിലെ സീറ്റ് തര്‍ക്കം ഇനിയും പരിഹരിക്കാനുണ്ട്.
സഖ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, പാര്‍ട്ടികള്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. വൈശാലി, ലാല്‍ഗഞ്ച് മണ്ഡലങ്ങളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. വൈശാലിയില്‍ കോണ്‍ഗ്രസ് സഞ്ജീവ് സിംഗിനെ നിര്‍ത്തിയപ്പോള്‍ ആര്‍ജെഡി അതേ സീറ്റില്‍ അഭയ് കുശ്വാഹയെ നിര്‍ത്തി. ലാല്‍ഗഞ്ചില്‍ കോണ്‍ഗ്രസ് ആദിത്യ രാജിനെയാണ് നിര്‍ത്തിയത്. എന്നാല്‍ ആര്‍ജെഡി മുന്‍ ലാല്‍ഗഞ്ച് എംഎല്‍എയായിരുന്ന മുന്നാ ശുക്ലയുടെ മകള്‍ ശിവാനി സിംഗിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു.
ഏകപക്ഷീയമായി 48 സീറ്റുകളിലേക്കുള്ള പട്ടിക പുറത്തിറക്കിയ കോണ്‍ഗ്രസ്, മറ്റ് അഞ്ച് സീറ്റുകളിലേക്കും ടിക്കറ്റ് നല്‍കി: കഹല്‍ഗാവ് (പ്രവീണ്‍ കുശ്വാഹ), പ്രാണപൂര്‍ (തൗഖിര്‍ ആലം), ജലെ (ഋഷി മിശ്ര), ചെയിന്‍പൂര്‍ (അചല സിംഗ്), ഗയ ടൗണ്‍ (മോഹന്‍ ശ്രീവാസ്തവ). എന്നാല്‍ കഹല്‍ഗാവ് പരമ്പരാഗതമായി കോണ്‍ഗ്രസ് സീറ്റായിരുന്നിട്ടും അത് വിട്ടുകൊടുക്കാന്‍ ആര്‍ജെഡി തയ്യാറല്ല.
സിപിഐ (എം-എല്‍) ലിബറേഷനും ആദ്യഘട്ടത്തിനായി 14 സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. തങ്ങളുടെ നേതാവ് മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന് ഇപ്പോഴും ശഠിക്കുന്ന വിഐപിക്ക് ഇതുവരെ 14 സീറ്റുകളാണ് ലഭിച്ചത്.
''ഞങ്ങള്‍ 15 സീറ്റുകളില്‍ മത്സരിക്കും. അതില്‍ 14 സീറ്റുകള്‍ തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങളുടെ സീറ്റുകളില്‍ അലാംനഗര്‍, ഗൗരബൗരം, ദര്‍ഭംഗ ടൗണ്‍, കുശേഷ്വര്‍ സ്ഥാന്‍, ഔറായി, ബറൂരാജ്, കേസരിയ, സിക്തി, നിര്‍മാലി, കതിഹാര്‍, ഗോപാല്‍പൂര്‍, ബിഹ്പൂര്‍, ലൗറിയ എന്നിവ ഉള്‍പ്പെടുന്നു,'' വിഐപി വക്താവ് ദേബ്‌ജ്യോതി പറഞ്ഞു.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിലേക്ക് വിഐപിയുടെ നാല് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സഹാനിയുടെ സഹോദരന്‍ സന്തോഷ് സഹാനി ദര്‍ഭംഗയിലെ ഗൗരബൗരം സീറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വിഐപി മേധാവി രണ്ടാം ഘട്ടത്തില്‍ മത്സരിക്കാനാണ് സാധ്യത. വിഐപി ഇതുവരെ പ്രഖ്യാപിച്ച ആറ് സ്ഥാനാര്‍ത്ഥികളില്‍ നാല് പേരും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട മല്ലാ സമുദായത്തില്‍ നിന്നുള്ളവരാണ്.
ആദ്യ ലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ആര്‍ജെഡി, ഇതുവരെ 48 സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. പ്രശസ്ത ഭോജ്പുരി ഗായകന്‍ ഖേസാരി ലാല്‍ യാദവിനെ ഛപ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കി. തേജസ്വി പ്രസാദ് യാദവ് (രാഘോപൂര്‍), ഉസാമ ഷഹാബ് (രഘുനാഥ്പൂര്‍), ഭായ് വീരേന്ദ്ര (മനേര്‍), ബോഗോ സിംഗ് (മതിഹാനി), രാംബ്രിക്ഷ് സദ (അലൗലി), അലോക് മേത്ത (ഉജിയാര്‍പൂര്‍), ലളിത് യാദവ് (ദര്‍ഭംഗ), മുകേഷ് റോഷന്‍ (മഹ്വ), അവധ് ബിഹാരി ചൗധരി (സിവാന്‍), ഷാനവാസ് ആലം (ജോകിഹട്ട്), അഖ്തറുല്‍ ഇസ്ലാം (സമസ്തിപൂര്‍), ശക്തി സിംഗ് യാദവ് (ഹില്‍സ), ശൈലേന്ദ്ര പ്രതാപ് സിംഗ് (തരൈയ), രാഹുല്‍ തിവാരി (ഷാഹ്പൂര്‍), ചന്ദ്രശേഖര്‍ (മധേപുര) എന്നിവര്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. മുന്‍ എംപി ശരദ് യാദവിന്റെ മകന്‍ ശന്തനു ബുന്ദേലയ്ക്ക് മധേപുരയില്‍ നിന്നോ മറ്റ് സീറ്റുകളില്‍ നിന്നോ ടിക്കറ്റ് ലഭിക്കാത്തതില്‍ അതൃപ്തനാണ്. 48 പേരുടെ ഈ പട്ടികയില്‍ 14 യാദവ സ്ഥാനാര്‍ത്ഥികളും ആറ് മുസ്ലിം സ്ഥാനാര്‍ത്ഥികളുമുണ്ട്.
കോണ്‍ഗ്രസ് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ചില 'മികച്ച' സീറ്റുകളുടെ പേരിലാണ് സഖ്യകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശിവ് പ്രകാശ് ഗരീബ് ദാസ് സിപിഐയുടെ അവധേഷ് കുമാര്‍ റായിക്കെതിരെ മത്സരിക്കുന്ന ബച്ച്വാര സീറ്റ് ഉള്‍പ്പെടെ ചില സീറ്റുകളില്‍ 'സൗഹൃദ മത്സരം' ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സഖ്യത്തിനുള്ളിലുള്ളവര്‍ സമ്മതിച്ചു.
ബുധനാഴ്ച രാത്രി വിഐപിയും ആര്‍ജെഡിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ അവസാനിച്ചിരുന്നു. സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നത് പ്രഖ്യാപിക്കാന്‍ സഹാനി വ്യാഴാഴ്ച രാവിലെ പട്നയില്‍ പത്രസമ്മേളനം വിളിക്കാന്‍ പോലും പദ്ധതിയിട്ടിരുന്നു.
സിപിഐ (എം-എല്‍) ലിബറേഷന്റെ ദീപാങ്കര്‍ ഭട്ടാചാര്യ ഇടപെടുകയും രാത്രി വൈകി രാഹുല്‍ ഗാന്ധിയെ വിളിക്കുകയും ചെയ്തു. ആര്‍ജെഡി തന്നോട് സംസാരിക്കുന്നില്ല എന്നതായിരുന്നു സഹാനിയുടെ പരാതി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് ദീപാങ്കര്‍ സംസാരിക്കുകയും സഹാനിയോട് സംസാരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. സഹാനിയുമായി രാഹുല്‍ സംസാരിക്കുകയും അദ്ദേഹത്തെ അനുനയിപ്പിക്കുകയും എല്ലാ പരാതികളും എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഖ്യത്തില്‍ തുടരാന്‍ സഹാനി തീരുമാനിച്ചത്.


COMMENTS