പെർത്ത് : ഓപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. . മഴ കാരണം മത...
പെർത്ത് : ഓപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി.
. മഴ കാരണം മത്സരം ഒരു ടീമിന് 26 ഓവറാക്കി വെട്ടിച്ചുരുക്കി. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു.
ഡക്‌വർത്ത്-ലൂയിസ്-സ്റ്റേൺ (DLS) നിയമപ്രകാരം ഓസ്‌ട്രേലിയ 7 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു.
ഇതോടെ പരമ്പരയിൽ 1-0 ന്റെ ലീഡ് ഓസീസ് നേടി. മിച്ചൽ മാർഷ് (ഓസ്‌ട്രേലിയ) പുറത്താകാതെ 46 റൺസ് നേടി മാൻ ഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി.
ഓസ്‌ട്രേലിയൻ പേസ് ബൗളിങ്ങിന് മുന്നിൽ ഇന്ത്യയുടെ മുൻനിര ബാറ്റിംഗ് തകർന്നു. ആരാധകർ കാത്തിരുന്ന രോഹിത് ശർമ്മ (8), വിരാട് കോലി (0) എന്നിവർ പെട്ടെന്ന് പുറത്തായി. പുതിയ ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (10), ശ്രേയസ് അയ്യരും (11) പരാജയപ്പെട്ടു.
കെ എൽ രാഹുൽ (31 പന്തിൽ 38), അക്ഷർ പട്ടേൽ (38 പന്തിൽ 31) എന്നിവർ ചേർന്ന് നിർണായക കൂട്ടുകെട്ട് ഉണ്ടാക്കി. അരങ്ങേറ്റക്കാരനായ നിതീഷ് കുമാർ റെഡ്ഡി (11 പന്തിൽ 19) നടത്തിയ വേഗത്തിലുള്ള പ്രകടനം ഇന്ത്യയെ 26 ഓവറിൽ 136/9 എന്ന സ്‌കോറിലെത്തിച്ചു.
ജോഷ് ഹേസൽവുഡ് (2/20), സ്പിന്നർ മാത്യു കുഹ്നെമാൻ (2/26) എന്നിവർ ഇന്ത്യയുടെ തകർച്ചയ്ക്ക് വേഗം കൂട്ടി. അരങ്ങേറ്റ മത്സരം കളിച്ച മിച്ചൽ ഓവൻസും 2 വിക്കറ്റുകൾ നേടി.
മഴ കാരണം DLS നിയമപ്രകാരം ഓസ്‌ട്രേലിയക്ക് മുന്നിൽ 131 റൺസ് വിജയലക്ഷ്യമാണ് വെച്ചത്. ആരംഭത്തിൽ ട്രാവീസ് ഹെഡ്ഡിനെ നഷ്ടമായെങ്കിലും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് (പുറത്താകാതെ 52 പന്തിൽ 46) ഇന്നിംഗ്‌സിനെ നയിച്ചു. ജോഷ് ഫിലിപ്പ് (29 പന്തിൽ 37) മാർഷിന് മികച്ച പിന്തുണ നൽകി. അരങ്ങേറ്റം കുറിച്ച മാറ്റ് റെൻഷോ (പുറത്താകാതെ 24 പന്തിൽ 21) ക്യാപ്റ്റനൊപ്പം ചേർന്ന് 21.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ടീമിനെ വിജയത്തിലെത്തിച്ചു.
ഈ മത്സരത്തിലെ തോൽവിയോടെ 2025-ൽ ഇന്ത്യയുടെ തുടർച്ചയായ എട്ട് ഏകദിന വിജയങ്ങളും അവസാനിച്ചു. ശുഭ്മാൻ ഗിൽ ക്യാപ്റ്റനായുള്ള ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം കൂടിയായിരുന്നു ഇത്. പരമ്പരയിലെ രണ്ടാം മത്സരം അഡ്‌ലെയ്ഡ് ഓവലിൽ നടക്കും.
കനത്ത മഴയെത്തുടർന്ന് മത്സരം ഓരോ ടീമിനും 26 ഓവറാക്കി ചുരുക്കിയിരുന്നു.


COMMENTS