വാഷിംഗ്ടൺ : ഇന്ത്യയുമായുള്ള ബന്ധം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും നരേന്ദ്ര മോദി ഒരു മികച്ച നേതാവാണെന്നും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്ര...
വാഷിംഗ്ടൺ : ഇന്ത്യയുമായുള്ള ബന്ധം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും നരേന്ദ്ര മോദി ഒരു മികച്ച നേതാവാണെന്നും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് .
ഇന്ത്യയെയും റഷ്യയെയും അതി രൂക്ഷമായി വിമർശിച്ചു മണിക്കൂറുകൾക്കു ശേഷമാണ് ട്രംപ് പുതിയ നിലപാടുമായി എത്തിയിരിക്കുന്നത്.
താൻ എല്ലായ്പ്പോഴും മോദിയുടെ സുഹൃത്തായിരിക്കുമെന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത്.
യുഎസ് പ്രസിഡന്റ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംബന്ധിച്ച നിലപാടുകൾ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണ്. പരസ്പര വിരുദ്ധമായാണ് ട്രംപ് പലപ്പോഴും സംസാരിക്കുന്നത്.
റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നതിലുള്ള അതൃപ്തി ട്രംപ് തുറന്നുപറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 50% വരെ നികുതി ചുമത്തിയിരിക്കുകയാണ്.
നേരത്തെ, ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇന്ത്യയും റഷ്യയും "ഇരുണ്ട ചൈനയുടെ" പക്ഷത്തായെന്ന് ട്രംപ് ആരോപിച്ചിരുന്നു.
മണിക്കൂറുകൾക്കകമാണ് ഈ നിലപാട് മാറ്റി, ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന് താൻ കരുതുന്നില്ലെന്ന് പറഞ്ഞിരിക്കുന്നത്.
ഇന്ത്യയെ 'വലിയ താരിഫ് രാജ്യം' (Tariff King) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് പലപ്പോഴും ഇന്ത്യയുടെ വ്യാപാരനയങ്ങളെ വിമർശിച്ചിട്ടുണ്ട്. ഇന്ത്യ അമേരിക്കയിലേക്ക് വലിയ അളവിൽ സാധനങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ, അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ അളവിൽ മാത്രമേ കയറ്റുമതി നടക്കുന്നുള്ളൂ എന്നും അദ്ദേഹം ആരോപിച്ചു.
ഈ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഇന്ത്യ താരിഫ് കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മോദി അദ്ദേഹവുമായി സംസാരിക്കാൻ വിസമ്മതിച്ചതായി ജർമ്മൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേസമയം, മോദിയുടെ ചൈന സന്ദർശനവും ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു പുതിയ നയതന്ത്ര സാഹചര്യത്തിന് വഴിയൊരുക്കി. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ട്രംപിന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.


COMMENTS