ചരിത്ര പ്രസിദ്ധമായ ആറൻമ്മുള ഉത്രട്ടാതി ജലമേളക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി . നാളെ ഉച്ചക്ക് 1 30ന് ജലമേള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ...
ചരിത്ര പ്രസിദ്ധമായ ആറൻമ്മുള ഉത്രട്ടാതി ജലമേളക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി . നാളെ ഉച്ചക്ക് 1 30ന് ജലമേള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും. എ , ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുക്കും.
രാവിലെ 9 ന് ആറന്മുള ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ഭദ്രദീപം ഘോഷയാത്രയായി സത്രം പവലിയനിലെത്തിക്കും. തുടർന്ന് 10 ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പതാക ഉയർത്തും. ഉച്ചക്ക് ഒരു മണിക്ക് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തി പൂമാലയും ചന്ദനവും സ്വീകരിച്ച ശേഷം ഫിനിഷിങ് പോയൻ്റായ സത്രക്കടവിൽ അണിനിരക്കും.
ജലമേളയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ആർ രാജൻ ഉത്ഘാടനം ചെയ്യും. 1. 30 ന് ജല ഘോഷയാത്ര ആരംഭിക്കും. മന്ത്രി വീണാ ജോർജ് ജല ഘോഷയാത്രയുടെ ഉത്ഘാടന കർമ്മം നിർവ്വഹിക്കും. മന്ത്രി സജി ചെറിയാൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. 3 മണിക്ക് മത്സര വള്ളംകളി ആരംഭിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മത്സര വള്ളംകളിയുടെ ഉത്ഘാടനം നിർവ്വഹിക്കും.
പള്ളിയോട സേവാസംഘം പ്രസിഡൻ്റ് സാംബദേവൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം ജയസൂര്യ പാഞ്ചജന്യം 2025 സ്മരണികയുടെ പ്രകാശന കർമ്മം നിർവ്വഹിക്കും. ആദ്യം ബി ബാച്ച് പള്ളിയോടങ്ങളുടെയും പിന്നീട് എ ബാച്ച് പള്ളിയോടങ്ങളുടെയും മത്സരമാണ് നടക്കുന്നത്. ഇരു ബാച്ചുകളിലേയും വിജയികൾക്ക് മന്നം ട്രോഫി നൽകും. സെമി ഫൈനലിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടങ്ങളെ ഫൈനലിൽ പങ്കെടുപ്പിച്ചാണ് വിജയികളെ നിശ്ചയിക്കുന്നത്. പിന്നീട് വരുന്ന 4 പള്ളിയോടങ്ങൾക്കായി ലൂസേഴ്സ് ഫൈനലും നടക്കും. നല്ല രീതിയിൽ പാടിക്കളിച്ച് തുഴയുന്ന പള്ളിയോടത്തിന് 23 പവൻ്റെ ആർ ശങ്കർ സുവർണ്ണ ട്രോഫിയും നൽകും.
കൂടാതെ ചാക്കമർ മഹാസഭ, ദേവസ്വം ബോർഡ് വിവിധ മാധ്യമ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ഏർപ്പെടുത്തിയ ഇരുപത്തി രണ്ട് എവർ റോളിങ് ട്രോഫികളാണ് വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന പള്ളിയോടങ്ങൾക്ക് വിതരണം ചെയ്യുന്നത്.
Key Words: Aranmula VallamKali


COMMENTS