കാഠ്മണ്ഡു : രാജ്യസുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ കലാപത്തില്‍ മരണം 19 ആയി ഉയര്‍ന്നു. രാജ്യ സുരക്ഷയുടെ പേ...
കാഠ്മണ്ഡു : രാജ്യസുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ കലാപത്തില്‍ മരണം 19 ആയി ഉയര്‍ന്നു. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. സര്‍ക്കാര്‍ അഴിമതി മറയ്ക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി യുവാക്കളുടെ പ്രക്ഷോഭം. സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് 19 പേര്‍ കൊല്ലപ്പെട്ടത്. നാനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. 10 പേരുടെ നില അതീവ ഗുരുതരമാണ്. പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. നേപ്പാള്‍ പാര്‍ലമെന്റിലേക്ക് യുവാക്കള്‍നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്.
തലസ്ഥാനമായ കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികള്‍ നടക്കുകയാണ്. റാലികള്‍ക്കു നേരെ പൊലീസ് ജലപീരങ്കികളും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നുണ്ട്. അതിനിടെ, അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് ലേഖക് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിക്ക് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ലേഖക് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റെടുത്തത്.
ഈ മാസം നാലിനാണ് ഫെയ്‌സ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, യുട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്.
സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നുു നേപ്പാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്റ്റംബര്‍ 4 വരെ സമയവും നല്‍കി. ആ സമയപരിധി കഴിഞ്ഞും റജിസ്റ്റര്‍ ചെയ്യാതിരുന്ന പ്ലാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്.
Key Words: Nepal Riot


COMMENTS