തിരുവനന്തപുരം : സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം : സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'കേര' പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവ രഹസ്യ സ്വഭാവത്തിലുള്ള കത്തിൻ്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ ചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ച് വരുന്നതും ഒരു ധനകാര്യ സ്ഥാപനത്തിൻ്റെ മുന്നിൽ സർക്കാരിൻ്റെ വിശ്വാസ്യത ചോർച്ചക്ക് കാരണമാവും. അത്തരം ഒരു വീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സർക്കാരിൻ്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. എന്നാൽ ഇതിനെ മാധ്യമ പ്രവർത്തകർക്ക് എതിരായ ഒന്നായി ചിത്രീകരിക്കുന്നത് വ്യാജ വാർത്താ പ്രചരണം തന്നെയാണ്.
തെറ്റായ രീതിയിൽ ഒരു വാർത്ത വന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിനേയും ഉത്തരവാദികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനെയും മാധ്യമ വിരുദ്ധ നീക്കം ആയി വ്യാഖ്യാനിക്കേണ്ടതില്ല. ചുമതലാ നിർവഹണത്തിൽ വീഴ്ചയോ തെറ്റായ കാര്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുക എന്നത് സ്വാഭാവിക നടപടി ക്രമം ആണ്. അത് ആരുടെയെങ്കിലും തോന്നലിൻ്റെയോ നിർബന്ധത്തിൻ്റെയോ ഫലമായി ഉണ്ടായതല്ല.
മാധ്യമങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക എന്നതാണ് സർക്കാരിൻ്റെ സുവ്യക്തമായ സമീപനം. സർക്കാരിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ തെറ്റിധാരണജനകമായ വാർത്ത ചോർത്തി നൽകുന്നതും അതുവഴി സ്ഥാപനങ്ങൾക്കിടയിൽ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നതും ഗൂഢപ്രവൃത്തിയാണ്. സദ്ദുദ്ദേശപരമല്ലാത്ത ഇത്തരം രീതികളോട് ഒരു വിട്ടുവീഴ്ച്ചയും സർക്കാർ കാണിക്കില്ല.
ഇല്ലാത്ത ഒരു സംഭവത്തെ ഉണ്ടെന്ന് ആവർത്തിച്ചു പറഞ്ഞു പ്രചരിപ്പിച്ച് , മാധ്യമസ്വാതന്ത്ര്യം ധ്വംസിക്കപ്പെടുന്ന ഇടങ്ങളോട് കേരളത്തെ സമീകരിക്കാൻ ഉള്ള ശ്രമമാണ് ദൗർഭാഗ്യവശാൽ ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതിനെ ശക്തമായി അപലപിക്കുന്നു. കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും അനുവദിക്കില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു.
Key Words: Restricting Media, Baseless Propaganda , Chief Minister Pinarayi Vijayan

COMMENTS