സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : തുടരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : തുടരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തമാവുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഈ ആവശ്യം ഉന്നയിക്കുന്നവരില്‍ പ്രധാനി.
രാഹുല്‍ രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാണ് സതീശന്റെ ആവശ്യം. ഈ ആവശ്യം പാര്‍ട്ടിയുടെ സംസ്ഥാനത്തെയും ദേശീയ തലത്തിലെയും പ്രമുഖരുമായി സതീശന്‍ പങ്കുവച്ചുകഴിഞ്ഞു. രാഹുല്‍ എന്ന ബാധ്യതയെ ചുമന്നാല്‍ വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അതു വലിയ തിരിച്ചടിക്കു കാരണമാകുമെന്നാണ് സതീശന്‍ പറയുന്നത്. സതീശനോട് ഇക്കാര്യത്തില്‍ യോജിക്കുന്ന നിരവധി നേതാക്കളുണ്ട്.
യുവതിയെ ഗര്‍ഭച്ഛിദ്രത്തിനു രാഹുല്‍ നിര്‍ബന്ധിക്കുന്ന ഓഡിയോ ക്‌ളിപ് പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നത്. ഇതിനു പിന്നാലെ, ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയോട് കൊഞ്ചിക്കുഴയുന്ന ചാറ്റും പുറത്തുവന്നു. ഇതെല്ലാം രാഹുലിനെ പ്രതിരോധത്തിലാക്കുകയാണ്.
മാധ്യമപ്രവര്‍ത്തകയായ നടിയാണ് രാഹുലിനെതിരേ പേരു പറയാതെ ആദ്യ ആരോപണം ഉന്നയിച്ചത്. ഹൂ കെയേഴ്‌സ് എന്ന അവരുടെ പരാമര്‍ശമാണ് രാഹുലിലേക്ക് സംശയ മുന എത്തിച്ചത്. രാഹുല്‍ പലപ്പോഴും പറയുന്നതാണ് ഇക്കാര്യം. ഇടതു പാര്‍ട്ടികള്‍ ഇതൊരു വലിയ ആയുധമായി ഉയര്‍ത്തിയതോടെയാണ് നിവൃത്തിയില്ലാതെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചത്.
രാജിവയ്‌ക്കേണ്ട ഒരു കാര്യവുമില്ലെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കേണ്ടെന്നു കരുതിയാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. തനിക്കെതിരേ ഉരുന്ന ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ് എന്നാണ് രാഹുല്‍ അടൂരിലെ വീട്ടില്‍ വച്ചു മാദ്ധ്യമങ്ങളോടു പറഞ്ഞത്. തന്റെ ഭാഗ്യം ന്യായീകരിക്കാന്‍ രാഹുല്‍ വീട്ടില്‍ പത്രസമ്മേളനം വിളിച്ചിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം ഇടപെട്ട് അതു വിലക്കി. തന്നെ വന്നു കണ്ട മാധ്യമങ്ങളോടാണ് രാഹുല്‍ ഇതുവരെ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍, വിടനായ ഒരാളെ ചുമക്കേണ്ടതില്ലെന്നും എം എല്‍ എ സ്ഥാനവും രാജിവച്ചേ തീരൂ എന്നുമാണ് രാഹുല്‍ വിരുദ്ധര്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ എം എല്‍ എ ആയി തുടര്‍ന്നാല്‍ അത് സമൂഹത്തിനു നല്കുന്നത് തെറ്റായ സന്ദേശമായിരിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
രാഹുല്‍ രാജിവച്ചാലും പാലക്കാട് സീറ്റില്‍ ഉപതിരഞ്ഞെടുപ്പിനു സാദ്ധ്യതയില്ല. മേയ് 23ന് ഇപ്പോഴത്തെ നിയസമഭയുടെ കാലാവധി കഴിയും. ഒരുവര്‍ഷം ബാക്കിയില്ലാത്തതിനാല്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ സാദ്ധ്യതയില്ല. പക്ഷേ, ബി ജെ പിക്കു വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് രാഹുല്‍ 58389 വോട്ടു നേടിയപ്പോള്‍ ബി ജെ പിയുടെ സി കൃഷ്ണകുമാര്‍ 39549 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സിപിഎം ഏറെ പ്രതീക്ഷയോടെ നിറുത്തിയ പി സരിന്‍ 37293 വോട്ടു നേടി മൂന്നാം സ്ഥാനത്തേയ്ക്കു പോയിരുന്നു. ഇനിയൊരു തിരഞ്ഞെടുപ്പു വന്നാല്‍ കരുത്തനായൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തി ബി ജെ പി മണ്ഡലം പിടിച്ചാല്‍ പോലും അതിശയിക്കാനില്ല.
രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന നിലപാടിലായിരുന്നു കെ പി സി സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങിയതോടെ രാജിയാണ് നല്ലതെന്ന നിലപാടില്‍ സണ്ണി ജോസഫ് എത്തിയിട്ടുണ്ട്. ഏതാണ്ട് ഇതേ നിലപാടില്‍ തന്നെയാണ് രമേശ് ചെന്നിത്തലയും.
രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്നു പറയുന്നവരില്‍ പ്രധാനി ഷാഫി പറമ്പില്‍ എംപിയാണ്. പാര്‍ലമെന്റിലേക്കു മത്സരിക്കാനായി ഷാഫി പാലക്കാട് നിയമസഭാ സീറ്റ് രാജിവച്ചു പോയപ്പോള്‍ രാഹുലിനെ അവിടെ നിറുത്തിയത് ഷാഫിയാണ്. അന്നു പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുണ്ടായിട്ടും ഷാഫി നിര്‍ബന്ധം പിടിച്ചാണ് രാഹുലിനു സീറ്റു വാങ്ങിക്കൊടുത്തതും വിജയിപ്പിച്ചെടുത്തതും. അതിനാല്‍ രാഹുലിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഷാഫിക്കുണ്ടായിരുന്നു. വിവാദങ്ങളുടെ തുടക്കത്തില്‍ രാഹുലിനെ മൗനമായി സതീശനും പിന്തുണച്ചിരുന്നു. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോയതോടെ സതീശന്‍ സ്വരം മാറ്റുകയായിരുന്നു.
എന്നാല്‍, രാഹുലിനെതിരേ ഇതുവരെ ഒരു പരാതി പോലും ഒരു പൊലീസ് സ്റ്റേഷനിലും വന്നിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപങ്ങളുടെ പേരില്‍ എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ടതുണ്ടോ എന്നുമാണ് ഷാഫി പക്ഷം ചോദിക്കുന്നത്. ഇതിലും ഗുരുതരമായ ആക്ഷേപങ്ങളും കേസുകളും നേരിടുന്ന എം മുകേഷും എ വിന്‍സെന്റും എല്‍ദോസ് കുന്നപ്പിള്ളിയും ഇടത് എം എല്‍ എ മാരായി തുടരുമ്പോള്‍ എന്തിനു രാഹുലിനെ ബലികൊടുക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. മന്ത്രിമാരായ കെ ബി ഗണേശ് കുമാറും എ കെ ശശീന്ദ്രനും സ്ത്രീകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ടവരാണ്. അവരെ സി പി എം സംരക്ഷിക്കുന്നതും ഷാഫി പക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍, രാഹുല്‍ രാജിവച്ചാല്‍ അതൊരു കീഴടങ്ങലാവും എന്നാണ് ഈ വിഭാഗം പറയുന്നത്.
ഇതേസമയം, കേരള കാര്യങ്ങളുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥിതിഗതികള്‍ സസൂക്ഷ്മം പഠിക്കുന്നുണ്ട്. ദീപ ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധുയുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ദീപ പങ്കുവച്ചിട്ടുണ്ട്. കെ സി വേണു ഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ നിലപാടും രാഹുല്‍ ആരാഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച ശേഷം തീരുമാനം കെ പി സി സി നേതൃത്വം തന്നെ കൈക്കൊള്ളാനാണ് എ ഐ സി സി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, വിവാദങ്ങളും ആരോപണങ്ങളും നീണ്ടാല്‍ ഡല്‍ഹിയില്‍ നിന്ന് ഒരു തീരുമാനം വന്നേക്കാം.
Summary: In the wake of the ongoing sex allegations, the demand for Rahul Mankoottathil to resign from the MLA post is getting stronger in the Congress party. Leader of the Opposition VD Satheesan is the main one making this demand.



COMMENTS