Tamil Nadu Chief Minister MK Stalin will not participate in the global Ayyappa Sangam organized by the Travancore Devaswom Board
തിരുവനന്തപുരം : സെപ്റ്റംബർ 20ന് പമ്പ തീരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല.
സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം പിന്മാറിയത് എന്നാണ് ലഭിക്കുന്ന വിവരം.
സ്റ്റാലിനു പകരം അദ്ദേഹം തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഉൾപ്പെടെയുള്ള പ്രതിനിധികളെ അയയ്ക്കും.
കേരള ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നേരിട്ട് ചെന്നൈയിലെത്തിയാണ് സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക താൽപര്യ പ്രകാരമാണ് സ്റ്റാലിനെ ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ച സ്റ്റാലിൻ സംഗമത്തിലെ മുഖ്യ അതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
മുൻ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ സംഗമത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നാണ് സ്റ്റാലിന്റെ ഓഫീസ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചിരിക്കുന്നത്.
എന്നാൽ, അയ്യപ്പ ഭക്തരെ വേട്ടയാടിയ പിണറായി വിജയനും ഹിന്ദുത്വത്തിനെതിരേ നിരന്തരമായി സംസാരിക്കുന്ന സ്റ്റാലിനും എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
സ്റ്റാലിൻ എത്തിയാൽ തടയുമെന്നും പരോക്ഷമായി ബിജെപി നേതാക്കൾ സൂചിപ്പിച്ചിരുന്നു.
സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ അടുത്തിടെ സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ ആക്ഷേപകരമായ പ്രസ്താവനകളും വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സ്റ്റാലിൻ്റെ വരവിനെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും രംഗത്ത് വന്നത്.
നൂറുകണക്കിന് അയ്യപ്പഭക്തരെ വേട്ടയാടി ജയിലിലടച്ച ആളാണ് പിണറായി വിജയൻ എന്നാണ് രാജീവ് ചന്ദ്രശേഖർ ചുണ്ടിക്കാണിക്കുന്നത്.
തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് വോട്ട് ബാങ്കിനെ കൂടെ നിർത്താനാണ് ഇപ്പോൾ തിരക്കിട്ട് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നുണ്ട്.
Summary:
Tamil Nadu Chief Minister MK Stalin will not participate in the global Ayyappa Sangam organized by the Travancore Devaswom Board on the banks of the Pampa River on September 20


COMMENTS