ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാട്ടി ശിവസേന എംപി സഞ്ജയ് റാവത്തും രംഗത്ത്. ആരോഗ്യ കാരണങ്...
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാട്ടി ശിവസേന എംപി സഞ്ജയ് റാവത്തും രംഗത്ത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവച്ച ജഗ്ദീപ് ധന്‍കറിന്റെ നിലവിലെ ആരോഗ്യ സ്ഥിതി എന്താണ്?, ഇപ്പോള്‍ എവിടെയാണ്?, ഈ ചോദ്യവുമായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കി.
ജഗ്ദീപ് ധന്‍കറിനെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നു എന്ന പ്രചാരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സഞ്ജയ് റാവത്ത് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ധന്‍കറിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോടതിയിലേക്ക് പോകാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിക്കരുതെന്നും റാവത്ത് കത്തിലൂടെ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കപില്‍ സിബലും ഇതേ വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു. ധന്‍കര്‍ തന്റെ അടുത്ത സുഹൃത്തുകൂടിയാണെന്നും രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാനാകുന്നില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂലൈ 21ന് ഉപരാഷ്ട്രപതി സ്ഥാനത്തു നിന്ന് രാജിവച്ച ജഗ്ദീപ് ധന്‍കറെ ബന്ധപ്പെടാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിച്ചിരുന്നെന്നും അതിനായി ജഗ്ദീപ് ധന്‍കറിന്റെ അനുമതി തേടി കത്തുകള്‍ അയയ്ക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ അവസരങ്ങളിലൊന്നും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ജഗ്ദീപ് ധന്‍കറെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്.
Key Words: Jagdeep Dhankar, Shivsena MP, Sanjay Raut


COMMENTS