'Vote loot': Election Commission sends notice to Rahul, opposition leader asks what more evidence is needed to subvert elections
അഭിനന്ദ്
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ തിരഞ്ഞെടുപ്പു കമ്മിഷനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാദപ്രതിവാദം പുതിയ തലത്തിലേക്ക്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നുവെന്ന രാഹുലിന്റെ ആരോപണത്തെ തുര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ലോക്സഭാ പ്രതിപക്ഷ നേതാവിനു നോട്ടീസ് അയച്ചു.
ശുകന് റാണിയെന്ന സ്ത്രീ രണ്ടുവട്ടം വോട്ടു രേഖപ്പെടുത്തിയതിനെക്കുറിച്ച് രാഹുല്‍ പുറത്തുവിട്ട രേഖ കമ്മിഷന് ഫാക്ട് ചെക്കിനു വിധേയമാക്കിയിരുന്നു. രാഹുലിന്റെ ആരോപണം തെറ്റാണെന്നു കമ്മിഷന് പ്രസ്താവനയില്‍ അറിയിച്ചു.
'വോട്ട് കൊള്ള' സംബന്ധിച്ച സ്ഫോടനാത്മകമായ അവകാശവാദങ്ങളുള്ള അവതരണം വ്യാഴാഴ്ച രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു. ആദ്യ വോട്ടര്‍ക്കു വേണ്ടിയുള്ള ഫോം 6 ദുരുപയോഗം ചെയ്തുകൊണ്ട് 70 വയസ്സുള്ള സ്ത്രീ രണ്ട് മാസത്തിനുള്ളില്‍ രണ്ടുതവണ പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്ത വിവരം രാഹുല്‍ പുറത്തുവിട്ടിരുന്നു.
ശകുന്‍ റാണി എന്ന ഈ 70 കാരി ഫോം 6 ഉപയോഗിച്ച് രണ്ടു വട്ടം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു. പിന്നീട് ശകുന്‍ റാണി വോട്ട് ചെയ്തോ അതോ മറ്റാരെങ്കിലും ശകുന്‍ റാണിയുടെ പേരില്‍ വോട്ട് ചെയ്തോ എന്ന വിവരം പുറത്തുവിടുന്നില്ല. കള്ളക്കളി മറച്ചുവയ്ക്കാന്‍, സിസിടിവി ഡാറ്റ ഞങ്ങള്‍ക്ക് തരുന്നില്ല. ഇതുപോലെ ഫോം 6 ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ മൂന്നു തവണ വരെ പേര് ചേര്‍ത്ത ആയിരക്കണക്കിന് ആളുകളുണ്ട്, രാഹുല്‍ ആരോപിച്ചു.
എന്നാല്‍, 'അന്വേഷണത്തില്‍, ശകുന്‍ റാണി ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടതുപോലെ രണ്ടുതവണയല്ലെന്നും കണ്ടെത്തി' എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത്.
'ഐഡി കാര്‍ഡ് പെര് ദോ ബാര്‍ വോട്ട് ലാഗി ഹേ, വോ ജോ ടിക്ക് ഹേ, പോളിംഗ് ബൂത്ത് കെ ഓഫീസര്‍ കി ഹേ (ഈ ഐഡി കാര്‍ഡില്‍ രണ്ട് വോട്ടുകള്‍ രേഖപ്പെടുത്തി. പേപ്പറില്‍ നിങ്ങള്‍ കാണുന്ന ടിക്ക് പോളിംഗ് ബൂത്ത് ഓഫീസറുടേതാണ്)... എന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍, ഈ ഓഫീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രാഹുല്‍ പ്രസന്റേഷനില്‍ കാണിച്ച ടിക്ക് മാര്‍ക്ക് ചെയ്ത രേഖ പോളിംഗ് ഓഫീസര്‍ നല്‍കിയതല്ലെന്ന് വെളിപ്പെടുത്തുന്നു,' എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കുന്നത്. തുടര്‍ന്നാണ് കമ്മിഷന് രാഹുലിനു നോട്ടീസ് അയച്ചത്.
ഡിജിറ്റല്‍ വോട്ടര്‍ പട്ടികയും വോട്ടിംഗ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങളും തന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ വിവരങ്ങള്‍ നല്‍കിയില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. തുടര്‍ന്നാണ് സ്വന്തമായി അന്വേഷണം നടത്തുകയും വിവരാവകാശ നിയമപ്രകാരം ഡാറ്റ ശേഖരിച്ചതും. തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നതിനു ഇതിനപ്പുറം എന്തു തെളിവു വേണമെന്നും രാഹുല്‍ ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന് സത്യം തുറന്നു പറയുകയോ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. 'വളച്ചൊടിച്ചതും അടിസ്ഥാനരഹിതവുമായ വിശകലനം' എന്നു പറഞ്ഞാണ് തിരഞ്ഞെടുപ്പു കമ്മിഷന് രാഹുലിന്റൈ ആരോപണങ്ങളെ തള്ളിക്കളഞ്ഞത്.
ബിഹാറിലെ വിവാദമായ വോട്ടര്‍ പട്ടിക പരിഷ്കരണത്തെക്കുറിച്ചും ബിജെപി-തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'വോട്ട് ചോരി (മോഷണം) മാതൃക' എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചും ഇന്ത്യാ ബ്ലോക്ക് യോഗം ചര്‍ച്ച ചെയ്തു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള 'ഒത്തുതീര്‍പ്പു' വഴി 'വലിയ ക്രിമിനല്‍ തട്ടിപ്പ്' പറഞ്ഞിരുന്നു.
ഇതേസമയം, രാഹുല്‍ ഗാന്ധി ഭരണഘടനാ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപിയുടെ അമിത് മാളവ്യ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. രാഹുല്‍ നടത്തുന്ന രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സില്‍ നിന്ന് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ഇതിനൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യാ ബ്ലോക്കിലെ എംപിമാര്‍ക്ക് അത്താഴവിരുന്ന് നല്‍കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ അടുത്ത നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് അത്താഴവിരുന്ന്.


COMMENTS