Assault case against actress Lekshmi Menon
കൊച്ചി: ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നെന്ന മൊഴി പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്, അനീഷ്, സോന എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയെ മൂന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇവര്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു സംഭവം. നടിയും സുഹൃത്തുക്കളും മറ്റൊരു സംഘവുമായുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരനും സംഘവും ബാറില്‍ നിന്ന് മടങ്ങിയപ്പോള്‍ നടിയും സംഘവും അവരെ പിന്തുടരുകയും കലൂരില്‍ വച്ച് പരാതിക്കാരനെ കാറില്‍ നിന്ന് വലിച്ചിറക്കികൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം ആലുവയില്‍ ഇറക്കിവിടുകയുമായിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി മേനോന് മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന നടിയാണ്. രഘുവിന്റെ സ്വന്തം റസിയ, അവതാരം, ഐഡിയല്‍ കപ്പിള്‍, സുന്ദരപാണ്ഡ്യന്‍, കുംകി, ജിഗര്‍തണ്ട, കൊമ്പന്, വേതാള, ചന്ദ്രമുഖി - 2, ശബ്ദ എന്നിവയാണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Keywords: Lekshmi Menon, Assault case, Police, Actress



COMMENTS