ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയ തീരുമാനം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് യു ...
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയ തീരുമാനം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് യു എസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ.
ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിക്കുമെന്നും അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും ജോൺ ബോൾട്ടൻ സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
തീരുവ പ്രഖ്യാപനം അമേരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല ഏറ്റവും മോശം ഫലം നൽകുമെന്നും ജോൺ ബോൾട്ടൻ വ്യക്തമാക്കി. ഇന്ത്യയെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അകറ്റാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ട്രംപ് അപകടത്തിലാക്കി. ഇന്ത്യയുമായുള്ള ബന്ധം മോശമാകാൻ ഇടയാക്കിയത് യു എസിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയായി, ബാൾട്ടൻ പറഞ്ഞു.
ട്രംപിന് ചൈനയോട് മൃദുസമീപനമാണെന്നും ഒരേസമയം ഇന്ത്യയ്ക്ക് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയുെ ചെയ്തത് ഇന്ത്യ മോശമായി പ്രതികരിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി കരാർ ഒപ്പിടാനുള്ള തിരക്കുമൂലം ട്രംപ് യു എസിന്റെ താൽപര്യങ്ങളെ ബലികഴിക്കുകയാണ്. ഇതുവഴി റഷ്യയ്ക്ക് അവരുടെ അജൻഡ നടപ്പാക്കാനും യു എസ് ചുമത്തിയ ഉയർന്ന തീരുവയെ ഉപയോഗപ്പെടുത്താനും സാധിക്കും, ബോൾട്ടൻ ചൂണ്ടിക്കാട്ടി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കരാറിലേർപ്പെടാനുള്ള തിടുക്കത്തിൽ ട്രംപ് അമേരിക്കയുടെ താത്പര്യങ്ങളെ ബലിക്കഴിക്കുകയാണെന്ന് ബോൾട്ടൻ മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു. 25 ശതമാനം തീരുവയായിരുന്നു ഇന്ത്യയ്ക്കുമേൽ അമേരിക്ക ആദ്യം പ്രഖ്യാപിച്ചിരുന്നത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തി. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു എസിൽ 50 ശതമാനം തീരുവയായി. അമേരിക്കയുടെ ഈ തീരുവ പ്രഖ്യാപനത്തോട് ശക്തമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.
Key Words: Additional Tariffs, India, America, John Bolton


COMMENTS