തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍സെ...
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ തല പ്രവേശനോല്‍സവം മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 10 നകം പുറത്തിറക്കും.
സമഗ്ര ഗുണമേന്‍മ പദ്ധതി നടപ്പാക്കുമെന്നും സമഗ്ര ഗുണമേന്‍മ വര്‍ഷമായി ആചരിക്കുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. സാമൂഹ്യ ബോധ്യം വളര്‍ത്തുന്ന 10 വിഷയങ്ങളായിരിക്കും ആദ്യം രണ്ടാഴ്ച പഠിപ്പിക്കുക.
ലഹരി തടയുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠന വിഷയമാക്കും. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതി പരിഷ്‌കരണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രണ്ടരലക്ഷത്തോളം കുട്ടികള്‍ ഇത്തവണ ഒന്നാംക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ.
അഞ്ച് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള മൂല്യനിര്‍ണയം കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. വാര്‍ഷിക പരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് വാങ്ങാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ആരെയും തോല്‍പ്പിക്കുക അല്ല ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകുമെങ്കിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. ക്യാംപ് അവസാനിച്ചതിനു ശേഷമായിരിക്കും ഈ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തുക. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
Key Words: Kerala School Opening Day
COMMENTS