A United Airlines flight caught fire while taking off in the United States. According to the preliminary report, the cause of the accident
എം രാഖി
ന്യൂയോര്‍ക്: അമേരിക്കയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനില്‍ മുയല്‍ കുടുങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ആകാശത്തുയര്‍ന്ന വിമാനം അപകടത്തില്‍ പെടാതെ സുരക്ഷിതമായി പിന്നീട് തിരിച്ചിറക്കി. എഡ്മണ്ടനിലേക്കുള്ള യുഎ 2325 വിമാനം ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് പൊട്ടിത്തെറിയോടെ തീപിടിച്ചത്.
പുറപ്പെടാന്‍ തയ്യാറെടുത്തു നിന്ന വിമാനത്തിന്റെ എന്‍ജിനിലേക്കു മുയലിനെ വലിച്ചെടുത്തതാകാമെന്നാണ് നിഗമനം. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി സംഭവിക്കാറുണ്ടെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറയുന്നു.
വിമാനത്തിന് എഞ്ചിന്‍ തീപിടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫ്‌ളൈറ്റ് ക്രൂ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെടുന്ന ശബ്ദം അടങ്ങുന്ന വീഡിയോ ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടാം നമ്പര്‍ എന്‍ജിനില്‍ മുയല്‍ കുടുങ്ങിയിട്ടുണ്ടെന്ന് പൈലറ്റ് പറയുന്നതും കേള്‍ക്കാം.
ടേക് ഓഫ് സമയത്ത് വലിയ ശബ്ദം കേട്ടതായും വിമാനം ഉയരുമ്പോള്‍ കടുത്ത പ്രകമ്പനം ഉണ്ടായതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു.
'എഞ്ചിനില്‍ നിന്ന് വലിയ തീ പുറത്തുവന്നു. അതു ഭീമാകാരമായ അഗ്‌നിഗോളം ത്‌ന്നെയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും പരിഭ്രാന്തരാകാന്‍ തുടങ്ങി', മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു.
വിമാനം തകര്‍ന്നു വീഴാന്‍ പോകുന്നുവെന്നാണ് തോന്നിയതെന്നു മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു.
43 മിനിറ്റ് വിമാനം ആകാശത്തു ചെലവിട്ടു. 203 മൈല്‍ യാത്ര ചെയ്തശേഷം വിമാനം ഡെന്‍വറില്‍ തിരിച്ചിറക്കുകയായിരുന്നു. രാത്രി 8:05 ഓടെ, 153 യാത്രക്കാരും ആറ് ജീവനക്കാരുമായി വിമാനം സുരക്ഷിതമായി ഡെന്‍വറില്‍ തിരിച്ചിറങ്ങി. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ എഡ്മണ്ടണിലേക്ക് അയച്ചതായി യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ എഫ് എ എ അന്വേഷണം ആരംഭിച്ചു.
Summary: A United Airlines flight caught fire while taking off in the United States. According to the preliminary report, the cause of the accident was a rabbit stuck in the engine of the plane.
COMMENTS