Al Assad's plane in Lebanon? It is suspected that the president who fled Syria arrived in Tripoli amid rumors that the plane had been shot down
മാത്യു കെ തോമസ്
ദുബായ് : വിമതര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചതോടെ വിമാനത്തില്‍ രക്ഷപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എവിടെയെത്തിയെന്ന് ആര്‍ക്കും പിടിയില്ല. ഇതിനിടെ, വിമാനം തകര്‍ന്ന് അസദ് മരിച്ചിരിക്കാമെന്ന അഭ്യൂഹവും പടരുകയാണ്.
എന്നാല്‍, ഇന്നു ലോകത്ത് ഒരിടത്തും വിമാനാപകടം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ സൈബര്‍ ലോകത്തു നടക്കുന്ന വിമാനാപകട ചര്‍ച്ചയ്ക്കു സ്ഥിരീകരണമൊന്നുമില്ല.
വിമതര്‍ ഡമാസ്‌കസ് പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെയാണ് ഡമാസ്‌കസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു സിറിയന്‍ എയര്‍ 9218 ഇല്യുഷിന്‍-76 വിമാനം പറന്നുയര്‍ന്നത്. ഈ വിമാനത്തില്‍ അസദും ഉണ്ടായിരുന്നു. പതിവില്ലാത്ത പാതയിലായിരുന്നു വിമാനം പറന്നത്.
ഫ്‌ളൈറ്റ് ഡാറ്റ അനുസരിച്ച്, വിമാനം ആദ്യം വടക്കോട്ട് തിരിയുന്നതിന് മുമ്പ് കിഴക്കോട്ട് പറന്നു. ഹോംസിനു മുകളില്‍ വട്ടമിട്ടു പറക്കുന്നതുപോലെ സിഗ്‌നല്‍ വന്നുവെങ്കിലും അധികം താമസിയാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.
ഇതിനിടെ, വിമതരുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം കണ്ട് ഭയന്ന് അസദ് ഭാര്യയേയും മൂന്ന് മക്കളെയും കഴിഞ്ഞയാഴ്ച ദമാസ്‌കസില്‍ നിന്ന് റഷ്യയിലേക്ക് അയച്ചിരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും അറബ് ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദും അവരുടെ മകളും രണ്ട് ആണ്‍മക്കളും റഷ്യയിലേക്ക് പലായനം ചെയ്തതിനൊപ്പം അസ്മ അല്‍ അസദിന്റെ രണ്ട് സഹോദരന്മാര്‍ യുണൈറ്റഡ് അറബ് എമിറേറ്റിലേക്കും പോയി.
ഹോംസ് നഗരത്തിനു സമീപമെത്തിയ വിമാനം ലബനനിലെ രണ്ടാമത്തെ വലിയ പട്ടണമായ ട്രിപോളി ലക്ഷ്യമിട്ടതായി സൂചനയുണ്ട്. ഇവിടെ ലബനന്റെ റെനെ മൗവാദ് എയര്‍ ബേസുണ്ട്. ലബനീസ്- സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും ആറു കിലോമീറ്റര്‍ അകലെയാണ് ഈ വിമാനത്താവളം. ഏതാണ്ട് ഈ ഭാഗത്തു വച്ചാണ് ഈ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതും. ലബനീസ് വ്യോമാതിര്‍ത്തിക്ക് സമീപം 3,650 മീറ്ററില്‍ നിന്ന് വിമാനം 1,070 മീറ്ററിലേക്ക് വിമാനം താണിട്ടുമുണ്ട്.
ലബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ അസദിനെ സഹായിക്കുന്നവരാണ്. ഇസ്രയേലുമായി ഏറ്റുമുട്ടി ഹിസ്ബുള്ളയുടെ നടുവൊടിഞ്ഞതും അസദിന്റെ സിംഹാസനം തെറിക്കാന്‍ ഒരു കാരണമാണ്. അതിനാല്‍, അസദ് ലബനനില്‍ എത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ഫ്‌ളൈറ്റ് റാഡാര്‍ വെബ്സൈറ്റില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, തലസ്ഥാനം വിമതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്താണ് ഡമാസ്‌കസ് വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്.
അസദിനെ കുറിച്ച് വിവരം ലഭിച്ചേക്കാവുന്ന സൈനിക ഉദ്യോഗസ്ഥരെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ വിമത പോരാളികള്‍ ചോദ്യം ചെയ്തുവരുന്നതായി റിപ്പോര്‍ട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിക്കാത്ത സിദ്ധാന്തങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. അസദിന്റെ വിമാനം വെടിവെച്ചിടുകയോ സാങ്കേതിക തകരാര്‍ സംഭവിക്കുകയോ ചെയ്തിരിക്കാമെന്നും ഊഹാപോഹങ്ങളുണ്ട്. ഒരു വിമാനം തകര്‍ന്നുവീഴുന്നതും തീ പിടിക്കുന്നതും കാണിക്കുന്ന ചില സ്ഥിരീകരിക്കാത്ത വീഡിയോകള്‍ പോലും വന്നിട്ടുണ്ട്. വിമാനത്തിന്റെ പൊടുന്നനെ ഉയരം കുറയുന്നത് മിസൈല്‍ ആക്രമണത്തിന്റെയോ മെക്കാനിക്കല്‍ തകരാറിന്റെയോ തെളിവായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
COMMENTS