കല്‍പ്പറ്റ: പ്രിയപ്പെട്ടവരെയെല്ലാം ഉരുളെടുത്തപ്പോള്‍ ജീവിക്കാനുള്ള പ്രതീക്ഷ നല്കി ശ്രുതിക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവന് ജെന്സണ് വിട...
കല്‍പ്പറ്റ: പ്രിയപ്പെട്ടവരെയെല്ലാം ഉരുളെടുത്തപ്പോള്‍ ജീവിക്കാനുള്ള പ്രതീക്ഷ നല്കി ശ്രുതിക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവന് ജെന്സണ് വിടവാങ്ങി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്സണ്.
വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച് ഇന്നലെയുണ്ടായ അപകടത്തില്‍ ജെന്സണ് ഗുരുതരമായി പരുക്കേറ്റിരുന്നു. വെന്റിലേറ്ററില്‍ തുടരുന്ന ജെന്സണ് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും ഊതിക്കെടുത്തി ജെന്സണ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തില്‍ ശ്രുതിക്കും പരുക്കേറ്റിരുന്നു. കാലിനായിരുന്നു പരുക്ക്. ശ്രുതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരടക്കം വാനില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ബസ്സില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം തകര്‍ന്നു. വാഹനത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെന്‍സണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റപ്പെട്ടുപോയ ശ്രുതിയെ തിരികെ ജീവിതത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് ജെന്‍സന്റെ ആകസ്മിക മരണം.
COMMENTS