കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ നടന് സിദ്ദിഖിന് ഇന്ന് നിര്‍ണായക ദിനം. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്‍...
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ നടന് സിദ്ദിഖിന് ഇന്ന് നിര്‍ണായക ദിനം. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഒളിവില്‍പോയ നടന്, സുപ്രീംകോടതി വിധി എതിരായാല്‍ കീഴടങ്ങിയേക്കും. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയാണു ഹാജരാകുന്നത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ ഓണ്‍ലൈന്‍ വഴിയും കേരളത്തിനു വേണ്ടി ഹാജരാകും.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായ ക്രൈംബ്രാഞ്ച് എസ്പി മെറിന് ജോസഫ് ഡല്‍ഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. കുറ്റകൃത്യം ഗുരുതരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സിദ്ദിഖിനെതിരെ ശക്തമായ തെളിവുണ്ട്. നടിയുടെ മൊഴികള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ പൊലീസിനു ലഭിച്ചു. നടി പരാതി നല്കാന് വൈകിയത് കേസിനെ ബാധിക്കില്ല. പീഡനത്തെ തുടര്‍ന്ന് നടി മാനസിക ആഘാതത്തിനു ചികിത്സ തേടിയതിന് തെളിവുണ്ട്. സിദ്ദിഖ് സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നല്കിയാല് കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
എന്നാല്‍, തന്റെ ഭാഗം കേള്‍ക്കാതെയാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ദിഖിന്റെ വാദം. അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ലെന്നും പരാതി സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണെന്നും സിദ്ദിഖ് വാദിക്കും.
അതേസമയം, സിദ്ദിഖിന്റെ അറസ്റ്റ് വൈകുന്നതില്‍ പൊലീസിന് പഴികേള്‍ക്കേണ്ടി വരുന്നുണ്ട്. സിദ്ദിഖും പൊലീസും ഒത്തുകളിക്കുന്നതായാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് ഒളിവില്‍ പോകാന്‍ പൊലീസ് സമയം നല്‍കിയെന്നും നിരവധി ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിച്ചതായും പരാതിക്കാരി പറയുന്നു.
Key words: Anticipatory Bail Plea, Siddique, Supreme Court
COMMENTS