ആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി ഈ മാസം അവസാനം നടത്തണമെന്ന് നെഹ്റു ട്രോഫിയില്‍ പങ്കെടുക്കുന്ന വ...
ആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി ഈ മാസം അവസാനം നടത്തണമെന്ന് നെഹ്റു ട്രോഫിയില്‍ പങ്കെടുക്കുന്ന വളളങ്ങളുടെയും ക്ലബുകളുടെയും കൂട്ടായ്മയായ കേരള ബോട്ട് അസോസിയേഷന്. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ആലപ്പുഴ ചടയംമുറി ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
നിലവില്‍ വലിയപ്രതിസന്ധിയിലൂടെയാണ് മേഖല മുന്നോട്ടുപോകുന്നത്. വയനാട് ദുരന്തത്തിന് പിന്നാലെയാണ് ആഗസ്റ്റ് 10ന് നിശ്ചയിച്ച വള്ളംകളി മാറ്റിയത്. ദുരന്തത്തിന് ഇരയാവരുടെ ദുഃഖവും വേദനയും തിരിച്ചറിഞ്ഞ് ജലോത്സവം മാറ്റാനുള്ള നിര്‍ദേശം അംഗീകരിക്കുന്നുവെങ്കിലും ബോട്ട് ക്ലബുകളും ജലകായികതാരങ്ങളും അനുഭവിക്കുന്ന കടുത്തപ്രയാസങ്ങളും സാമ്പത്തികബാധ്യതയും ചെറുതല്ല.
അതിനാല്‍ ആഗസ്റ്റ് അവസാനം വള്ളംകളി നടത്താന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിക്കും. 2018 മുതല്‍ പ്രളയസമാനസാഹചര്യം നിലനില്‍ക്കുന്ന ആഗസ്റ്റ് മാസം വള്ളംകളിക്ക് അനുയോജ്യമല്ല. ഇത് കണക്കിലെടുത്ത് അടുത്തവര്‍ഷം മുതല്‍ സെപ്റ്റംബറിലേക്ക് മത്സരം മാറ്റണം. ഇനി മുതല്‍ ആഗസ്റ്റില്‍ മത്സരം നടത്തിയാല്‍ പങ്കെടുക്കില്ല.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആറ് തവണയാണ് വള്ളംകളി മാറ്റിവെച്ചത്. ഇക്കാര്യവും സര്‍ക്കാറിനെ അറിയിക്കും. വന്‍തുക ചെലവഴിച്ച് ജൂലൈ ആദ്യവാരം മുതല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ച വിവിധ ക്ലബുകള്‍ ചെലവഴിച്ച പണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.
മാറ്റിവെച്ച സാഹചര്യത്തില്‍ പുതിയ തീയതി തീരുമാനിക്കാന്‍ ചൊവ്വാഴ്ച എന്‍.ടി.ബി.ആര് യോഗം ചേരും. ഈ യോഗത്തില്‍ ബോട്ട് ക്ലബ് അസോസിയേഷന് തീരുമാനം അറിയിക്കും. പ്രസിഡന്റ് ജയിംസ് കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം. ഇക്ബാല്‍, കെ.എ. പ്രമോദ്, അഷ്റഫ് കുമ്മനം, തങ്കച്ചന് പാട്ടത്തില്‍, മുരളി അജയഘോഷ്, അമ്പിളി എന്നിവര്‍ സംസാരിച്ചു.
നെഹ്റു ട്രോഫിയില്‍ പങ്കെടുക്കുന്ന വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് സജിമോന്‍, ജയപ്രസാദ്, ജോബിന്, അരുണ്‍, അവില്, സജു സെബാസ്റ്റ്യന്‍, ജേക്ക് ജോര്‍ജ്, അശ്വന്ത്, വിജിത്, ജോബി എന്നിവര്‍ പങ്കെടുത്തു.
Key Words: Nehru Trophy Boat Race,
COMMENTS