തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു. രാവിലെ ആറ് മ...
തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു. രാവിലെ ആറ് മണി മുതല്‍ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സര്‍ക്കാര്‍, സ്വകാര്യ, മെഡിക്കല്‍ കോളേജ് ഒ പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഡെന്റല്‍ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മറ്റു ആശുപ്രത്രികളും അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ ഒ പി ഉള്‍പ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്ക്കും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിര്‍ത്തുമെന്നും അത്യാഹിക വിഭാഗങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും ഐ എം എ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. വയനാട് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെ ജി എം സി ടി എയും പങ്കെടുക്കും. കൊല്‍ക്കത്തയിലെ ആര്. ജി കര് മെഡിക്കല്‍ കോളേജിലെ യുവവനിതാ ഡോക്ടര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം.
COMMENTS