Opposition about PSC bribe in assembly
തിരുവനന്തപുരം: പിഎസ്സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയെന്നത് ഗൗരവമേറിയ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പോലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ കോഴ വാങ്ങുന്ന ആളുകള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നത് ആദ്യമായല്ല പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പോലെ തന്നെ കോഴിക്കോട്ടും കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നത് അതീവ ഗൗരവമായി കാണേണ്ടതാണെന്നും പി.എസ്.സി അംഗത്വം ലേലത്തില്‍ വയ്ക്കുന്നു എന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്നും അതിനാല്‍ പാര്‍ട്ടി കാര്യം പോലെയല്ല ഇത് കൈകാര്യം ചെയ്യേണ്ടതെന്നും ആവര്‍ത്തിച്ചു.
കേസെടുത്ത് ആന്വേഷിക്കേണ്ട കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം നടത്താതെ പ്രശ്നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് വിഷയം നിസാരവല്‍ക്കരിച്ചാണ് സഭയില്‍ മറുപടി പറഞ്ഞത്. രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പിഎസ്സിയെന്നും ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിലെ അംഗങ്ങളുടെ നിയമനം സുതാര്യമാണെന്നു പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ മാധ്യമ വാര്‍ത്ത അല്ലാതെ മറ്റൊരു ക്രമക്കേടും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അവര്‍ത്തിച്ചു. പി.എസ്.സിയെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: V.D Satheesan, PSC bribe, Niyamasabha, Police case
COMMENTS