വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര് ശ്രീജേഷ്. എക്സ് പോസ്റ്റിലൂടെയാണ് ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്....
വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര് ശ്രീജേഷ്. എക്സ് പോസ്റ്റിലൂടെയാണ് ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ മാസം 26ന് തുടങ്ങുന്ന പാരീസ് ഒളിംപിക്സായിരിക്കും ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീജേഷിന്റെ അവസാന ടൂര്‍ണമെന്റ്.
വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്. എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ല്‍ ടോക്കിയോയില്‍ ഞങ്ങള്‍ നേടിയ ഒളിംപിക് വെങ്കല മെഡല്‍, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു.
രാജ്യാന്തര ഹോക്കിയിലെ എന്റെ അവസാന അങ്കത്തിന്റെ പടിക്കല്‍ നില്ക്കുമ്പോള്, എന്റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീര്‍പ്പുമുട്ടുന്നു.
ഈ യാത്രയില്‍ എനിക്കൊപ്പം നില്‍ക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിന്റെ വികാരനിര്‍ഭരമായ കുറിപ്പ്. ഒന്നരദശകത്തോളം ഇന്ത്യന്‍ ഹോക്കിയിലെ പോരാട്ടവീര്യത്തിന്റെ മറുപേരായിരുന്നു 36കാരനായ പി ആര് ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവല്‍ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ചു.
2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ഗോള്‍ പോസ്റ്റിന് മുകളില്‍ കയറിയിരിക്കുന്ന ചിത്രം ആരാധകര്‍ ഇന്നും മറന്നിട്ടില്ല. 2014 ഏഷ്യന്‍ ഗെയിംസിലും 2022ല്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചതും ശ്രീജേഷിന്റെ കൈക്കരുത്തായിരുന്നു.
Key Words: Indian Hockey, Legend, PR Sreejesh, Retirement
COMMENTS