ഹരാരെ: ടി 20 ലോക കപ്പ് വിജയത്തിന്റെ ആഹ്ളാദാരവങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് സിംബാബ്വെയ്ക്കു മുന്നില്‍ ഇന്ത്യയ്ക്കു നാണംകെട്ട തോല്‍വി. ഹരാര...
ഹരാരെ: ടി 20 ലോക കപ്പ് വിജയത്തിന്റെ ആഹ്ളാദാരവങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് സിംബാബ്വെയ്ക്കു മുന്നില്‍ ഇന്ത്യയ്ക്കു നാണംകെട്ട തോല്‍വി. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന ആദ്യ ടി20യില്‍ സിംബാബ്വെ ഇന്ത്യയെ 13 റണ്‍സിനാണ് അട്ടിമറിച്ചത്.
ലോക കപ്പ് കളിച്ച താരങ്ങളൊന്നുമില്ലാതെയാണ് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ത്യന്‍ ബോളര്‍മാര്‍ നല്ല നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തുവെങ്കിലും ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ടു.
ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സിംബാ ബ് വെയാകട്ടെ പന്ത്രണ്ടാം സ്ഥാനത്തുമാണ്. അതുകൊണ്ടു തന്നെ സിംബാബ്വെയുടെ ജയത്തെ അട്ടിമറി എന്നു തന്നെ പറയാം.
എതിരാളികളെ 9 വിക്കറ്റിന് 115 എന്ന നിലയിലാണ് ഇന്ത്യന്‍ ബോളര്‍മാര്‍ ഒതുക്കിയത്. പക്ഷേ, അതിലും മനോഹരമായി സിംബാബ്വെ തിരിച്ചടിക്കുന്നതാണ് പിന്നീട് കാണാനായത്.
പിച്ചില്‍ നിന്നു കിട്ടിയ ബൗണ്‍സ് ആനുകൂല്യം നന്നായി ഉപയോഗിച്ച അവര്‍ ഇന്ത്യയെ 19.5 ഓവറില്‍ 102 റണ്‍സിന് പുറത്താക്കുകയായിരുന്നു.
വാഷിംഗ്ടണ്‍ സുന്ദര്‍ (27) അവസാനം പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെപോയി. അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) നിരാശപ്പെടുത്തി. 29 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ക്യാപ്ടന് ശുഭ്മാന്‍ ഗിലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. വാഷിങ്ടണ്‍ സുന്ദര്‍ (34 പന്തില്‍ 27), ആവേശ് ഖാന് (16) എന്നിവരും രണ്ടക്കം കടന്നു. ഋതുരാജ് ഗെയ്ക്വാദ് (7), റിങ്കു സിങ് (0), രവി ബിഷ്ണോയ് (9) എന്നിവരും നിരാശപ്പെടുത്തി.
ടെന്‍ഡായ് ചതാര (16/3), സിക്കന്ദര്‍ റാസ (25/3) എന്നിവരാണ് സിംബാബ്വെയ്ക്കായി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചത്.
ടോസ് നേടിയ ശുഭ്മാന്‍ ഗില്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ആ തീരുമാനം ശരിയെന്നു ഉറപ്പാക്കിക്കൊണ്ട് സിംബാബ്വെയെ ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സില്‍ ഒതുക്കി. രവി ബിഷ്ണോയ് നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.
സിംബാബ്വെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഇന്നസെന്റ് കൈയയെ (0) രണ്ടാം ഓവറില്‍ മടക്കി മുകേഷ് കുമാര്‍ വിക്കറ്റ് വേട്ട തുടങ്ങി. തകര്‍പ്പനടി നടത്തിയ ബെന്നറ്റിനെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബിഷ്ണോയ് മടക്കി. ബെന്നറ്റ് (23), ഡിയോണ്‍ മിയേഴ്സ് (23), പാകിസ്ഥാന് കാരനായ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ (17) എന്നിവര്‍ രണ്ടക്കം കടന്നു.
Summary: Before the euphoria of T20 World Cup victory was over, India suffered a humiliating defeat against Zimbabwe. Zimbabwe defeated India by 13 runs in the first T20I at the Harare Sports Club.
COMMENTS