തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കോഴി, താറാവ്, കാക്ക ഉള്‍പ്പെടെ വിവിധ പക്ഷികളില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടു...
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കോഴി, താറാവ്, കാക്ക ഉള്‍പ്പെടെ വിവിധ പക്ഷികളില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടും ജാഗ്രതയില്‍. തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡിലാണ് ഒടുവിലായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പത്ത് കിലോമീറ്റര്‍ ചുറ്റളവ് പ്രദേശത്ത് താറാവ്, കോഴി, കാട, മറ്റ് വളര്‍ത്ത് പക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും ജൂലൈ അഞ്ച് വരെ നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു. തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡിലെ ചുമത്ര സ്വദേശി അമല്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിത മേഖലയും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം സര്‍വൈലന്‍സ് മേഖലയുമാണ്.
തിരുവല്ല നഗരസഭ, കുന്നന്താനം, കവിയൂര്‍, പെരിങ്ങര, പുളിക്കീഴ്, കല്ലൂപ്പാറ ,പുറമറ്റം, ഇരവിപേരൂര്‍, നെടുമ്പുറം കടപ്ര , കുറ്റൂര്‍, എന്നീ പ്രദേശങ്ങള്‍ സര്‍വൈലന്‍സ് മേഖലയില്‍ ഉള്‍പ്പെടും.
അതേസമയം, സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Key Words: Bird Flu, Alert
COMMENTS