ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ എലോണ്‍ മസ്ക്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് ഇന്ന് ആശങ്കകള്‍ ഉന്നയിച്ചിരുന്നു.ഇത് ശരിവെക്കുന്ന തരത്...
ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ എലോണ്‍ മസ്ക്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് ഇന്ന് ആശങ്കകള്‍ ഉന്നയിച്ചിരുന്നു.ഇത് ശരിവെക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ച കുറിപ്പ്. ഇന്ത്യയിലെ ഇവിഎമ്മിനെ 'ആരെയും തുറക്കാന്‍ അനുവദിക്കാത്ത ഒരു ബ്ലാക് ബോക്സാണെ'ന്നാണ് രാഹുല്‍ വിമര്‍ശിച്ചത്.
എക്സിലെ ഒരു പോസ്റ്റില്‍, 'ഇന്ത്യയിലെ ഇവിഎമ്മുകള്‍ ഒരു 'ബ്ലാക്ക് ബോക്സ്' ആണ്, അത് പരിശോധിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു' എന്നാണ് രാഹുല്‍ കുറിച്ചത്.
എക്സിലെ ഒരു പോസ്റ്റില്‍, ഇവിഎമ്മുകള്‍ മനുഷ്യരോ എ.ഐയോ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ അവ ഇല്ലാതാക്കണമെന്നും പഴയപോലെ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും മസ്ക് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ മസ്കിന്റെ ആരോപണം ശരിയല്ലെന്നും 'സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ് വെയറുകള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്ന അമേരിക്കയുടെ അല്ലെങ്കില്‍ മറ്റിടങ്ങളിലെ ഇവിഎമ്മിനെ സംബന്ധിച്ച്, ഇലോണ്‍ മസ്കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം.
എന്നാല്‍, ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണ്.' എന്നായിരുന്നു ഇതിന് മറുപടിയായി മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്. എന്നാലിതിന് മറുപടി നല്കിയ മസ്ക് 'എന്തും ഹാക്ക് ചെയ്യാമെന്നും' പറഞ്ഞിരുന്നു. ഈ ചര്‍ച്ചകള്‍ക്കിടയിലേക്കാണ് രാഹുലും സാന്നിധ്യം അറിയിച്ചതും മസ്കിന്റെ പ്രസ്താവനയെ പരോക്ഷമായി അനുകൂലിച്ചതും.
Key Words: EVM, Rahul Gandhi, Rajeev Chandra Sekhar
COMMENTS