South Africa's fall from a situation of needing only 30 runs to win in 30 balls with six wickets in hand to a seven run defeat is astonishing
ബാര്‍ബഡോസ്: ആറു വിക്കറ്റ് കൈയിലിരിക്കെ 30 പന്തില്‍ ജയിക്കാന്‍ 30 റണ്‍സു മാത്രം മതിയെന്ന അവസ്ഥയില്‍ നിന്നു ഏഴു റണ്‍സിന്റെ പരാജയത്തിലേക്കു കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയുടെ പതനം അമ്പരപ്പിക്കുന്നതാണ്.
ലോക കിരീടം എന്നും ദക്ഷിണാഫ്രിക്കയ്ക്കു കിട്ടാക്കനിയായി തുടരുന്നതിന്റെ തുടര്‍ച്ചയാണ് ബാര്‍ബഡോസിലും കണ്ടത്. ഇന്ത്യന്‍ ക്യാപ്ടന് രോഹിത് ശര്‍മയുടെ പരിചയവും കളിമിടുക്കും കൂടിയാണ് വിജയം ഇന്ത്യന്‍ കൈയിലേക്ക് എത്തിച്ചത്.
പതിനേഴാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കായിരുന്നു രോഹിത് ശര്‍മ പന്ത് നല്‍കിയത്. അപ്പോള്‍ ലക്ഷ്യം 24 പന്തില്‍ 26 റണ്‍സായിരുന്നു. ഇന്ത്യയില്‍ നിന്ന് ഏതാണ്ട് വിജയം തട്ടിയെടുത്തുകൊണ്ട് ഹെന്റിച്ച് ക്ളാസന് 27 പന്തില്‍ 52 റണ്‍സുമായി ക്രീസിലുണ്ട്. അഞ്ചു സിക്സും രണ്ടു ഫോറുമായി കളം നിറഞ്ഞാടുകയായിരുന്നു ക്ളാസന്. ആദ്യ പന്തില്‍ തന്നെ ക്ളാസനെ കീപ്പറുടെ കൈയിലെത്തിച്ചുകൊണ്ട് പാണ്ഡ്യ ദക്ഷിണാഫ്രിക്കയെ നടുക്കി. അവിടെ വച്ചു കളി ദക്ഷിണഫ്രിക്കയ്ക്കു നഷ്ടമായി. ആ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് പാണ്ഡ്യ വഴങ്ങിയത്. അതോടെ കളി 18 പന്തില്‍ 22 റണ്‍സ് എന്ന നിലയിലെത്തി.
അപ്പോള്‍ ബുംറയ്ക്ക് ഒരു ഓവര്‍ മാത്രമാണ് ബാക്കിയുള്ളത്. അത് പിന്നീടത്തേയ്ക്കു മാറ്റിവയ്ക്കാതെ ബുംറയ്ക്ക രോഹിത് പന്ത് നല്കി. ആ തീരുമാനമാണ് കളി മാറ്റിമറിച്ചത്. വിസ്വസ്തനായ ഡേവിഡ് മില്ലറും സണ്‍റൈസേഴ്സിനു വേണ്ടി ഐ പി എലില്‍ കളിക്കുന്ന മാര്‍കോ യാസനും ഇന്ത്യന്‍ വേരുകളുള്ള കേശവ് മഹാരാജും ബാക്കിയുണ്ട്. ഇരുവരും കളി ജയിപ്പിക്കാന്‍ ശേഷിയുള്ളവര്‍.
മനോഹരമായൊരു ഇന്‍ സ്വിംഗറിലൂടെ നാലാം പന്തില്‍ യാസന്റെ കുറ്റി ബുംറ തെറിപ്പിച്ചു. നിര്‍ണായകമായ ആ ഓവറില്‍ ബുംറ വഴങ്ങിയത് രണ്ടു റണ്‍സ് മാത്രം. ഇതോടെ ലക്ഷ്യം 12 പന്തില്‍ 20 റണ്‍സായി.
പന്തൊന്പതാം ഓവറില്‍ അര്‍ഷദീപായിരുന്നു പന്തെടുത്ത്. അര്‍ഷദീപും ക്യാപ്ടന്റെ പ്രതീക്ഷ കാത്തു. ആദ്യ രണ്ടു ഡോട്ട് ബോളുകള്‍ക്കു ശേഷം 1,2,1 പന്നെയും ഒരു ഡോട്ട് ബോള്‍. ഇങ്ങനെയായിരുന്നു അര്‍ഷദീപ് റണ്‍സ് വിട്ടുനില്‍കിയത്.
അവസാന ഓവര്‍ വീണ്ടും പാണ്ഡ്യയുടെ കൈയില്‍, വേണ്ടത് 6 പന്തില്‍ 16 റണ്‍സ്. 17 പന്തില്‍ 21 റണ്‍സുമായി വിശ്വസ്തനായ ഡേവിഡ് മില്ലര്‍ ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷ പിന്നെയും ബാക്കി.
പാണ്ഡ്യയുടെ ആദ്യ പന്ത് ഫുള്‍ടോസ്. ലോങ് ഓഫിലേക്കു സിക്സര്‍ തൊടുത്ത് മില്ലര്‍. പക്ഷേ, അവിശ്വസനീയമായ ക്യാച്ചിലൂടെ സൂര്യകുമാര്‍ യാദവ് കളിയാകെ മാറ്റി. ബൗണ്ടറി ലൈനില്‍ പന്ത് പിടിച്ച സൂര്യ നില തെറ്റി കളത്തിനു പുറത്തേയ്ക്കു പോയി. അതിനു മുന്‍പ് ആകാശത്തേയ്ക്കു പന്ത് ഉയര്‍ത്തിയെറിഞ്ഞ സൂര്യ തിരികെ ചാടി പന്ത് പിടിച്ചെടുത്തപ്പോഴേയ്ക്കു ഇന്ത്യ ഏതാണ്ട് വിജയം ഉറപ്പിക്കുകയായിരുന്നു. ഇതിനിടെ സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടിയതായി സംശയം വന്നുവെങ്കിലും റീ പ്ളേയില്‍ ആ സംശയവും ദൂരീകരിക്കപ്പെട്ടു.
ഗാലറിയില്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകരുടെ മുഖങ്ങള്‍ വാടി. അടുത്ത പന്ത് കഗീസോ റബാദ ബൗണ്ടറി നേടിയപ്പോള്‍ ഇന്ത്യന്‍ നെഞ്ചിടിപ്പ് അല്പം കൂടി. പക്ഷേ, അടുത്ത പന്തില്‍ റബാദയെ സൂര്യയുടെ കൈയില്‍ തന്നെ എത്തിച്ച് പാണ്ഡ്യ കിരീടം ഉറപ്പാക്കി. പിന്നീട് എത്തിയ നോര്‍ട്യേ ഒരു റണ്‍ മാത്രമെടുത്തു പരാജയം സമ്മതിക്കുമ്പോള്‍ ഏഴു പന്തില്‍ രണ്ടു റണ്‍സുമായി ഇന്ത്യന്‍ വംശജന് കേശവ് മഹാരാജ് സാക്ഷിയായുണ്ടായിരുന്നു.
Summary: South Africa's fall from a situation of needing only 30 runs to win in 30 balls with six wickets in hand to a seven run defeat is astonishing.
COMMENTS