Gold smuggling: Shashi Tharoor M.P's P.A in customs custody
ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പിഎ അറസ്റ്റില്‍. ശശി തരൂരിന്റെ പി.എ ശിവകുമാര്‍ പ്രസാദും കൂട്ടാളിയെയുമാണ് കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്തുനിന്നെത്തിയ ആളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കുന്നതിനിടെയാണ് ഇവര്‍ കസ്റ്റഡിയിലായതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ഡ്രോം പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ച ശിവകുമാര്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ പാക്കറ്റ് സ്വീകരിക്കുകയായിരുന്നെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
അതേസമയം ശിവകുമാര്‍ തന്റെ മുന്‍ സ്റ്റാഫാണെന്നും 72 കാരനും വൃക്കരോഗിയുമായ ഇയാളെ താത്ക്കാലികമായി തുടരാന്‍ അനുവദിക്കുകയായിരുന്നെന്നും ശശി തരൂര്‍ എം.പി വ്യക്തമാക്കി. എന്നാല്‍ ഒരു തെറ്റും അംഗീകരിക്കുകയില്ലെന്നും ആവശ്യമായ എന്തു നടപടിയും അധികാരികള്‍ സ്വീകരിക്കട്ടേയെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
COMMENTS